കാനഡയുടെ സമ്പദ് വ്യവസ്ഥയിലേക്ക് സെപ്റ്റംബറില്‍ 3,78,000 പുതിയ ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു; തൊഴിലില്ലായ്മ നിരക്കില്‍ 1.2 ശതമാനം ഇടിവുണ്ടായി

കാനഡയുടെ സമ്പദ് വ്യവസ്ഥയിലേക്ക് സെപ്റ്റംബറില്‍ 3,78,000 പുതിയ ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു; തൊഴിലില്ലായ്മ നിരക്കില്‍ 1.2 ശതമാനം ഇടിവുണ്ടായി

കാനഡയുടെ സമ്പദ് വ്യവസ്ഥയിലേക്ക് സെപ്റ്റംബറില്‍ 3,78,000 പുതിയ ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തിയ കണക്ക് പ്രകാരം സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ജോലികളാണ് ഇത്തരത്തില്‍ സെപ്റ്റംബറില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. കോവിഡിന് മുമ്പ് ഫെബ്രുവരിയില്‍ രാജ്യത്ത് 7,20,000 ജോലികളാണുണ്ടായിരുന്നത്. ഇതിന് പുറമെ രാജ്യത്തെ തൊഴില്ലായ്മ നിരക്കില്‍ തുടര്‍ച്ചയായി നാലാം മാസവും ഇടിവുണ്ടായിട്ടുണ്ടെന്നതും ആശ്വാസകരമാണ്.

ഇത് പ്രകാരം തൊഴിലില്ലായ്മ നിരക്കില്‍ 1.2 ശതമാനം ഇടിവുണ്ടായി തൊഴിലില്ലായ്മ നിരക്ക് 9 ശതമാനമായിത്തീരുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബറില്‍ കാനഡയിലെ സമ്പദ് വ്യവസ്ഥയിലേക്ക് 1,56,000 പുതിയ ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നായിരുന്നു ശരാശരി എക്കണോമിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നത്. ഇതോടെ സെപ്റ്റംബറിലെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായിത്തീരുമെന്നുമായിരുന്നു സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ അതിനേക്കാള്‍ മികച്ച പ്രകടനമാണ് കാനഡയിലെ തൊഴില്‍ വിപണി പ്രകടിപ്പിച്ചിരിക്കുന്നത്.

സ്ത്രീ-പുരുഷന്‍മാരുടെ തൊഴില്‍ നിരക്ക് കോവിഡിന് മുമ്പുള്ള കാലത്തേതിന് സമാനമായ അവസ്ഥയിലേക്ക് തിരിച്ച് പോയിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും കോവിഡിന് ശേഷം തൊഴിലിലേക്ക് മടങ്ങിയെത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ താരതമ്യേന കുറവാണുള്ളത്. സ്‌കൂളുകള്‍ കോവിഡ് കാരണം അടഞ്ഞ് കിടന്നതിനാല്‍ കുട്ടികളെ പരിപാലിക്കുന്നതിനായി നിരവധി സ്ത്രീകള്‍ക്ക് തൊഴിലിലേക്ക് മടങ്ങിയെത്തുന്നതിന് തടസങ്ങള്‍ നേരിടുന്നതാണ് ഇതിന് പ്രധാന കാരണമായി എടുത്ത് കാട്ടപ്പെടുന്നത്.

Share this story