കാനഡയിലെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും കുടിയേറ്റം വര്‍ധിപ്പിക്കും

കാനഡയിലെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും കുടിയേറ്റം വര്‍ധിപ്പിക്കും

ഒട്ടാവ: കാനഡയിലെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പിന്തുണയേകുന്നതിനായി വരും വര്‍ഷങ്ങളില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരിക്കുന്ന 2021-2023 വര്‍ഷത്തേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പ്രകാരം ഓരോ വര്‍ഷവും കാനഡ നാല് ലക്ഷം പെര്‍മനന്റെ റെസിഡന്‍സി അനുവദിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

നേരത്തെ നിശ്ചയിച്ചിരുന്ന ഇമിഗ്രേഷന്‍ ടാര്‍ജറ്റുകളേക്കാള്‍ ഏറെയാണിത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കുടിയേറ്റക്കാരെ എത്തിക്കുന്നതിലൂടെ അഭിവൃദ്ധിപ്പെടുത്താമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ എത്തുന്ന 60 ശതമാനത്തോളം പുതിയ കുടിയേറ്റക്കാരും എക്കണോമിക് ക്ലാസുകളിലൂടെയായിരിക്കും. മഹാമാരിയിലുടനീളം കാനഡയിലേക്കുള്ള കുടിയേറ്റം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണന്നും ഇതിലൂടെ മ്രോത ഹ്രസ്വകാല സാമ്പത്തിക കരകയറലും ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയും സാധ്യമാക്കാന്‍ സാധിക്കുകയുള്ളുവെന്നും അതിനാല്‍ വരും വര്‍ഷങ്ങളിലും കൂടുതല്‍ കുടിയേറ്റക്കാരെ എത്തിക്കുമെന്നുമാണ് കനേഡിയന്‍ ഇമിഗ്രേഷന്‍ മിനിസ്റ്ററായ മാര്‍കോ മെന്‍ഡിസിനോ പറയുന്നത്.

ഫെഡറല് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്സ് പ്രോഗ്രാം, കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ് എന്നീ പ്രോഗ്രാമുകള്‍ക്ക് കീഴില്‍ കൂടുതല്‍ പേരെ കൊണ്ടു വരാനാണ് നിലവില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമീപ വര്‍ഷങ്ങളിലായി കനേഡിയന്‍ പിആര്‍ നേടുന്നതില്‍ ഇന്ത്യക്കാരാണ് മുന്‍പന്തിയിലുള്ളത്. അതിനാല്‍ വരും വര്‍ഷങ്ങളില്‍ കുടിയേറ്റം വര്‍ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.

Share this story