കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍; ചര്‍ച്ച അടുത്തമാസം പതിനാലിന്: വൈദ്യസഹായം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ദല്ലൈവാൾ

കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍; ചര്‍ച്ച അടുത്തമാസം പതിനാലിന്: വൈദ്യസഹായം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ദല്ലൈവാൾ
ചണ്ഡിഗഢ്: പഞ്ചാബില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്തമാസം പതിനാലിന് ചണ്ഡിഗഢില്‍ ചര്‍ച്ച നടത്താമെന്നാണ് ധാരണ. വിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ എന്നതടക്കം നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകരുടെ പ്രക്ഷോഭം. നിര്‍ദ്ദിഷ്‌ട കൂടിക്കാഴ്‌ചയെക്കുറിച്ചുള്ള പ്രഖ്യാപനം വന്നതോടെ കര്‍ഷക നേതാവ് ജഗജിത് സിങ് ദല്ലൈവാള്‍ വൈദ്യസഹായം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുള്ള ദല്ലൈവാളിന്‍റെ സമരം ഇന്ന് 55ാം ദിവസത്തേക്ക് കടക്കുകയാണ്. അതേസമയം തന്‍റെ നിരാഹാര സമരം ചുരുങ്ങിയ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കും വരെ തുടരുമെന്നും മറ്റൊരു കര്‍ഷക നേതാവായ സുഖജിത് സിങ് ഹര്‍ദോഝാന്‍ദെ അറിയിച്ചു. ദല്ലെവാള്‍ വൈദ്യ സഹായം സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. പതിനൊന്ന് മാസമായി പ്രക്ഷോഭം തുടരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ച, എന്നീ സംഘടനകളുടെ പ്രതിനിധികളും ദല്ലെവാളുമായി കേന്ദ്ര കാര്‍ഷിക മന്ത്രാലയ ഉദ്യോഗസ്ഥ പ്രതിനിധി സംഘം ജോയിന്‍റ് സെക്രട്ടറി പ്രിയ രഞ്ജന്‍റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ സംഭവവികാസങ്ങള്‍. ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന പ്രഖ്യാപനം വന്നതോടെ മറ്റ് കര്‍ഷക നേതാക്കള്‍ ദല്ലെവാളിനോട് വൈദ്യസഹായം സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എങ്കില്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കാനാകൂ എന്നും അവര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര പ്രതിനിധി സംഘവും ദല്ലെവാളിനോട് വൈദ്യസഹായം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്രമേ നിര്‍ദ്ദിഷ്‌ട യോഗങ്ങളില്‍ പങ്കെടുക്കാനാകൂ എന്നും അവരും ചൂണ്ടിക്കാട്ടി. അടുത്ത മാസം പതിനാലിന് വൈകിട്ട് അഞ്ചിന് ചണ്ഡിഗഢിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിലാണ് യോഗം. കേന്ദ്രം വലിയ ഒരു പ്രതിനിധി സംഘത്തെയാണ് കര്‍ഷകരുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് അയച്ചതെന്ന് പ്രിയ രഞ്ജന്‍ മാധ്യമപ്രവര്‍ത്തകരോട് ഖനൗരിയിലെ പ്രതിഷേധ സ്ഥലത്ത് വച്ച് പറഞ്ഞു. ദല്ലെവാളിന്‍റെ ക്ഷയിച്ച് കൊണ്ടിരിക്കുന്ന ശാരീരിക സ്ഥിതിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ദല്ലെവാളിനോട് തങ്ങള്‍ നിരാഹാരം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. ആഹാരവും വൈദ്യസഹായവും സ്വീകരിച്ചാല്‍ മാത്രമേ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള ആരോഗ്യം ഉണ്ടാകൂ എന്നും അദ്ദേഹത്തെ ബോധിപ്പിക്കാന്‍ ശ്രമിച്ചു. മുന്‍യോഗങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്ന് ദല്ലെവാളിനും കര്‍ഷക സംഘനകള്‍ക്കും നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിലെയും പഞ്ചാബിലെയും മന്ത്രിമാര്‍ ഫെബ്രുവരി പതിനാലിലെ യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി എട്ട്, 12, 15, 18 തീയതികളില്‍ കേന്ദ്രമന്ത്രിമാരും പ്രതിഷേധിക്കുന്ന കര്‍ഷകരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു ധാരണയിലും എത്താനായില്ല. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ഖനൗരിയിലും ശംഭുവിലും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ വ്യക്തമാക്കി. വിരമിച്ച പൊലീസ് അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ജസ്‌കരണ്‍ സിങും മുന്‍ ഡെപ്യൂട്ടു ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ഓഫ് പൊലീസ് നരീന്ദര്‍ ഭാര്‍ഗവും കേന്ദ്രസംഘത്തോടൊപ്പം എത്തിയിരുന്നു. നേരത്തെയും ഇവര്‍ കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതാണ്. ഡല്‍ഹിയില്‍ ഫെബ്രുവരി ഒന്‍പത് വരെ മാതൃകാപെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഒരു സര്‍ക്കാരുകള്‍ക്കും ഒരു പ്രഖ്യാപനവും നടത്താനാകില്ല. അത് കൊണ്ട് അതിന് ശേഷം ചര്‍ച്ച നടത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതെന്ന് കര്‍ഷക നേതാവ് അഭിമന്യു കൊഹാര്‍ പറഞ്ഞു. ദല്ലെവാളിന് വെള്ളം പോലും കുടിക്കാനാകുന്നില്ല. ഛര്‍ദ്ദിക്കുകയാണെന്നും കൊഹാര്‍ പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദ്യസഹായം സ്വീകരിക്കും മുമ്പ് തന്നോടൊപ്പം നിരാഹാര സമരത്തിലുള്ള 121 കര്‍ഷകരുടെ സമ്മതം തേടണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം 111 കര്‍ഷകരും പിന്നീട് പത്ത് പേരും ദല്ലെവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മരണം വരെ നിരാഹാര സമരം ചെയ്യുകയാണ്. കഴിഞ്ഞ നവംബര്‍ 26നാണ് ദല്ലെവാള്‍ നിരാഹാര സമരം ആരംഭിച്ചത്. ജീവന്‍ നിലനിര്‍ത്താനുള്ള വെള്ളം മാത്രമാണ് അദ്ദേഹം കുടിച്ചിരുന്നത്. ഇതിനിടെ അദ്ദേഹത്തിന് 20 കിലോ ഭാരം കുറഞ്ഞു. സമരം തുടങ്ങുമ്പോള്‍ 86.9 കിലോ ഭാരമുണ്ടായിരുന്ന അദ്ദേഹത്തിനിപ്പോള്‍ 66.4 കിലോ ആയി.

Tags

Share this story