National

ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു; ജമ്മു കശ്മീരിലെ രണ്ട് സംഘടനകളെ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം. ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്‌ലീമീൻ, അവാമി ആക്ഷൻ കമ്മിറ്റി എന്നീ സംഘടനകൾക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വർഷത്തേക്കാണ് നിരോധനം. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരമാണ് കേന്ദ്രത്തിൻ്റെ നടപടി. പുരോഹിതൻ മിർവൈസ് ഉമർ ഫാറൂഖാണ് അവാമി ആക്ഷൻ കമ്മിറ്റി (എഎസി) നയിക്കുന്നത്. ഷിയാ നേതാവ് മസ്രൂർ അബ്ബാസ് അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘടനയാണ് ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീൻ (ജെകെഐഎം).

ദേശവിരുദ്ധ പ്രവർത്തനങ്ങൾ, ഭീകരതയെ പിന്തുണയ്ക്കൽ, വിഘടനവാദ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകൽ എന്നീ കുറ്റങ്ങളാണ് സംഘടനകൾക്കെതിരെ കേന്ദ്രസർക്കാർ ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവയ്ക്ക് ഹാനികരമായ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇരു സംഘടനകളും ഏർപ്പെടുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

1987ന് ശേഷം രൂപം കൊണ്ടതാണ് ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്‌ലീമീൻ. നേരത്തെയും ജമ്മുകശ്മീരിൽ വിഘടനവാദ പ്രവർത്തനങ്ങളുടെ പേരിൽ ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന സംഘടനയാണ് ഇവ രണ്ടും. വിവിധസമയങ്ങളിൽ ദേശീയ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നതിലും ഈ സംഘടനകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 1967 ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം രണ്ട് സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ജമ്മു കശ്മീർ പോലീസും ദേശീയ അന്വേഷണ ഏജൻസിയും (എൻ‌ഐ‌എ) എ‌എസി അംഗങ്ങൾക്കെതിരെ സമർപ്പിച്ച നിരവധി കേസുകളും കുറ്റപത്രങ്ങളും കേന്ദ്രത്തിൻ്റെ വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!