മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖത്തിന്റെ ശിൽപ്പി; കാലം കാത്തുവെച്ച കർമയോഗി എന്നും മന്ത്രി വിഎൻ വാസവൻ

ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകാൻ കാരണമെന്ന് മന്ത്രി വിഎൻ വാസവൻ. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല എന്ന് പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കുമെന്ന വാക്ക് അർഥപൂർണമാക്കുമെന്ന തരത്തിലാണ് മുഖ്യമന്ത്രിയും ഇടത് സർക്കാരും പ്രവർത്തിച്ചത്. എല്ലാ പ്രതിസന്ധികളും മറികടന്നാണ് ജൂലൈയിൽ ട്രയൽ റൺ നടത്തിയത്
285 കപ്പലുകൾ ഇതുവരെ വിഴിഞ്ഞത്ത് എത്തിയെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ ശിൽപ്പി എന്നും കാലം കരുതിവെച്ച കർമയോഗി എന്നും മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചാണ് ചടങ്ങിലേക്ക് വിഎൻ വാസവൻ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തത്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചതും
അങ്ങനെ നമ്മൾ ഇതും നേടി എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വിഴിഞ്ഞത്തെ കുറിച്ചുള്ള പ്രസംഗം ആരംഭിച്ചത്. നിർമാണം ഈ രീതിയിൽ പൂർത്തിയാകാൻ സഹകരിച്ച എല്ലാവർക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് തുറമുഖം യാഥാർഥ്യമാകാൻ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു