എട്ടാം ക്ലാസ് പരീക്ഷാഫലം ഇന്നറിയാം; യോഗ്യതാ മാര്‍ക്ക് ലഭിക്കാത്ത കുട്ടികൾക്ക് വീണ്ടും ക്ലാസ്

തിരുവനന്തപുരം: എട്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് അറിയും. മിനിമം മാർക്ക് ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷാഫലമാണ് ഇന്ന് പ്രസിദ്ധികരിക്കുന്നത്. ഓരോ വിഷയത്തിലും മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ തിങ്കളാഴ്ച സ്കൂളിൽ വിളിച്ചുവരുത്തി അധ്യാപക രക്ഷാകര്‍ത്തൃയോഗം ചേര്‍ന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഈ കുട്ടികൾക്ക് ചൊവ്വാഴ്ച മുതൽ പ്രത്യേകം ക്ലാസ് ഉണ്ടായിരിക്കും. മുപ്പത് ശതമാനമാണ് മിനിമം മാര്‍ക്ക്.
മിനിമം മാർക്ക് ലഭിക്കാത്ത വിഷയങ്ങളിൽ മാത്രമാണ് ക്ലാസ്. ഇതിനായി അധ്യാപകർ ടൈംടേബിള്‍ ക്രമീകരിച്ച് ക്ലാസ് നൽകണം. ഏപ്രിൽ 24 വരെയാണ് പ്രത്യേക ക്ലാസ് ഏർപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ഏപ്രിൽ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ വീണ്ടും പരീക്ഷ നടത്തും. ഈ പരീക്ഷയുടെ ഫലം 30-ന് പ്രസിദ്ധീകരിക്കും. ഈ പരീക്ഷയിലും മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികളുണ്ടെങ്കില്‍ അവരെയും ഒന്‍പതിലേക്ക് മാറ്റാൻ തന്നെയാണ് നിര്‍ദേശം.
രണ്ടാം തവണയും മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്ക് വീണ്ടും രണ്ടാഴ്ച പ്രത്യേകം ക്ലാസ് നല്‍കും. ഒന്‍പതില്‍നിന്ന് ജയിക്കുമ്പോഴെങ്കിലും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രാഥമികപരിജ്ഞാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. 80-100 ശതമാനം മാര്‍ക്കുള്ള കുട്ടികള്‍ക്ക് എ ഗ്രേഡ്, 60-79 ശതമാനം-ബി ഗ്രേഡ്,59-40 ശതമാനം-സി ഗ്രേഡ്,30-39 ശതമാനം-ഡി ഗ്രേഡ്, 30-ല്‍ താഴെ ഇ ഗ്രേഡ് എന്നിങ്ങനെയാവും എട്ടാം ക്ലാസ്സില്‍ ഗ്രേഡ് നിശ്ചയിക്കുക.
വീണ്ടും പരീക്ഷ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തവണ ഫലപ്രഖ്യാപനം നേരത്തെയാക്കിയത്. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ സമിതി യോഗത്തിലായിരുന്നു തീരുമാനം. പഠനപിന്തുണ ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം 6, 7 തീയതികളില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.