നാത്തൂൻ കടിച്ച് പരിക്കേല്പിച്ചെന്ന് പരാതി; പല്ല് മാരകായുധമല്ലെന്ന് ബോംബെ ഹൈക്കോടതി

ഭർതൃസഹോദരി കടിച്ച് പരിക്കേല്പിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ തള്ളി ബോംബെ ഹൈക്കോടതി. മനുഷ്യൻ്റെ പല്ലുകളെ മാരകായുധമായി കണക്കാക്കാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചത്. ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചാണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ വിഭാ കന്‍ഗാവാഡി, സഞ്ജയ് ദേശ്മുഖ് എന്നിവർ അടങ്ങുന്നതാണ് ബെഞ്ച്.
2020നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു തർക്കത്തിനിടെ ഭർത്താവിൻ്റെ സഹോദരിമാരിൽ ഒരാൾ തന്നെ കടിച്ച് പരിക്കേല്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ തനിക്ക് പരിക്കേറ്റു എന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മാരകായുധം കൊണ്ട് മുറിവേല്പിക്കൽ, പരിക്കേല്പിക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തുക ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാൽ, ഇതൊക്കെ കോടതി തള്ളി.
മനുഷ്യൻ്റെ പല്ലുകൾ മാരകായുധങ്ങളായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ഐപിസി 324 അനുസരിച്ച് മാരകായുധം കൊണ്ട് മുറിവേല്പിക്കലെന്നാൽ, ഗുരുതരമായി പരിക്കേൽപ്പിക്കാനോ കൊലപ്പെടുത്താനോ കഴിയുന്ന ആയുധമായിരിക്കണം. കടിയ്ക്കുന്നത് ഇത്തരത്തിലുള്ള ആക്രമണമല്ല. പരാതിക്കാരി സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിൽ കടി കൊണ്ടുണ്ടായത് പല്ലിൻ്റെ പാട് മാത്രമാണ്. സെക്ഷന്‍ 324 പ്രകാരമുള്ള കുറ്റകൃത്യം തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ പ്രതി ചേർക്കപ്പെട്ടയാളെ വിചാരണ നേരിടാൻ നിർബന്ധിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. പരാതിക്കാരിയും പ്രതിചേർക്കപ്പെട്ടയാളും തമ്മിൽ വസ്തു തർക്കം നിലനിൽക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. കോടതി എഫ്ഐആർ റദ്ദാക്കുകയും ചെയ്തു