ഭീഷണിപ്പെടുത്തി മതപരിവർത്തനമെന്ന് പരാതി; ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസെടുത്തു. ജാസ്പ ജില്ലയിലെ കുങ്കുരി ഹോളി ക്രോസ് നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബിൻസി ജോസഫിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
കോളേജിലെ അവസാന വർഷ വിദ്യാർഥിനി നൽകിയ പരാതിയിലാണ് കേസ്. തന്നെ മതം മാറ്റാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനി പ്രിൻസിപ്പാളിനെതിരെ പരാതി നൽകിയത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കത്തോലിക്ക സഭ അറിയിച്ചു
പ്രാക്ടിക്കൽ തിയറി ക്ലാസുകൾക്ക് വിദ്യാർഥിനി കോളേജിൽ എത്തിയിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട സിസ്റ്റർ വിദ്യാർഥിനിയെയും വീട്ടുകാരെയും ബന്ധപ്പെട്ടു. 80 ശതമാനം ഹാജരുണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതിക്കൂ എന്ന് പറഞ്ഞിരുന്നു. വിദ്യാർഥിനിക്ക് 35 ശതമാനം ഹാജർ മാത്രമാണുള്ളത്
പെൺകുട്ടിയെ തിയറി പരീക്ഷ എഴുതിച്ചെങ്കിലും ഹാജർ ഇല്ലാതെ പ്രാക്ടിക്കൽ പരീക്ഷക്ക് സർട്ടിഫിക്കറ്റ് തരാനാകില്ലെന്ന് കോളേജ് അറിയിച്ചിരുന്നു. ഇതോടെയാണ് പെൺകുട്ടി വ്യാജ പരാതിയുമായി പോയതെന്നാണ് കോളേജ് വിശദീകരിക്കുന്നത്.