ഭീകരതക്കെതിരായ പോരാട്ടത്തിൽ സർക്കാരിനും സേനക്കുമൊപ്പമെന്ന് കോൺഗ്രസ്

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്. സേനയിൽ അഭിമാനിക്കുന്നുവെന്നും ഭീകരതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സേനയ്ക്കും സർക്കാരിനുമൊപ്പമെന്നും മല്ലികാർജുന ഖാർഗെ വ്യക്തമാക്കി. ഒറ്റക്കെട്ടായി നിൽക്കണമെന്നും ഖാർഗെ പറയുന്നു. സൈന്യത്തിൽ അഭിമാനമെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചു.
ഭീകരതയ്ക്കെതിരായ സൈനിക നീക്കത്തിന് കോൺഗ്രസ് പിന്തുണയെന്ന് ജയറാം രമേശ് എക്സിൽ കുറിച്ചു. കോൺഗ്രസ് ഇന്ത്യൻ സായുധ സേനയ്ക്കൊപ്പമെന്നും ജയറാം രമേശ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയിൽ സർക്കാരിന് പൂർണ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ജയ്ഹിന്ദ് എന്ന് പറഞ്ഞുകൊണ്ടാണ് ശശി തരൂർ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനെ സ്വാഗതം ചെയ്തുകൊണ്ട് എക്സിൽ കുറിച്ചത്.
ഭീകരവാദത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടാണെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ഇന്ത്യൻ സൈന്യത്തെയും, സൈനികരെയും കുറിച്ച് അഭിമാനം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ 140 കോടി ഇന്ത്യക്കാർ സൈന്യത്തോടൊപ്പം. ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം രാജ്യത്തെ ഓരോ പൗരന്റെയും വിശ്വാസമാണെന്നും കെജ്രിവാൾ പറഞ്ഞു