ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ കൊന്ന കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം അമ്പലംമുക്കിലെ അലങ്കാര ചെടി വിൽപ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് ചരുവള്ളിക്കോണം സ്വദേശി വിനീതയെ(38) കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്
വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവന്റെ സ്വർണമാല കവരുന്നതിനായാണ് പ്രതി കുത്തിക്കൊന്നത്. 2022 ഫെബ്രുവരി 6ന് പകൽ 11.50ഓടെയാണ് കൊലപാതകം നടന്നത്. ചെടി വാങ്ങാനെന്ന വ്യാജേനയാണ് പ്രതി എത്തിയത്.
കൊല്ലപ്പെടുന്നതിന് ഒമ്പത് മാസം മുമ്പാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായി ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ട് മക്കളെ പോറ്റുന്നതിനായാണ് വിനീത ജോലിക്ക് കയറിയത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ, മകൾ എന്നീ മൂന്ന് പേരെ കൊന്ന കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് രാജേന്ദ്രൻ വിനീതയെ കൊലപ്പെടുത്യിത്.