ഓട്ടോ, ടാക്‌സികൾ അനുവദിക്കും, വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും; നാലാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവിന് സാധ്യത

ഓട്ടോ, ടാക്‌സികൾ അനുവദിക്കും, വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും; നാലാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവിന് സാധ്യത

മെയ് 17ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ നാലാം ഘട്ട ലോക്ക് ഡൗണിൽ സ്വീകരിക്കേണ്ട നടപടികളും നൽകേണ്ട ഇളവുകളും സംബന്ധിച്ച മാർഗരേഖകൾ കേന്ദ്രം തയ്യാറാക്കുന്നു. സംസ്ഥാന സർക്കാരുകളുടെ കൂടി നിർദേശങ്ങൾ കണക്കിലെടുത്താണ് ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കുന്നത്.

രാജ്യത്തെ ഭാഗികമായിട്ടെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നടപടികളാണ് ആലോചിക്കുന്നത്. വിമാനസർവീസുകൾ ഭാഗികമായിട്ടെങ്കിലും പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്നോ നാളെയോ അന്തിമ തീരുമാനം വന്നേക്കും

ഹോട്ട് സ്‌പോട്ടുകളിൽ ഒഴികെ മറ്റിടങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. സാമുഹിക അകലം പാലിച്ച് ഓട്ടോറിക്ഷകളും ടാക്‌സികളും ഓടിക്കാൻ അനുമതി നൽകും. ഓൺലൈൻ വ്യാപാരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കും.

ട്രെയിനുകളിൽ എത്തുന്ന യാത്രക്കാരെ പ്രത്യേക ബസുകളിൽ വീടുകളിൽ എത്തിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിനായി സാമൂഹ്യ അകലം ഉറപ്പാക്കി ബസ് സർവീസുകൾ നടത്താം.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ചേരുന്നുണ്ട്. കൂടുതൽ പ്രത്യേക ട്രെയിനുകളും നാലാം ഘട്ട ലോക്ക് ഡൗണിൽ അനുവദിച്ചേക്കും.

Share this story