ലോക്ക് ഡൗണ്‍ 4.0; അന്തര്‍ സംസ്ഥാന,സംസ്ഥാന ബസ് സര്‍വിസിന് അനുമതി, സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം, കേന്ദ്ര മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

ലോക്ക് ഡൗണ്‍ 4.0; അന്തര്‍ സംസ്ഥാന,സംസ്ഥാന ബസ് സര്‍വിസിന് അനുമതി, സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം, കേന്ദ്ര മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. ഇത് സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇന്ന് അര്‍ധരാത്രി ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം വന്നത്.

പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം റെഡ് സോണ്‍,ഓറഞ്ച് സോണ്‍,ഗ്രീന്‍ സോണ്‍ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. അതേ സമയം രാത്രി കാലങ്ങളില്‍ കര്‍ഫ്യൂതുടരും. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെമാത്രം അത്യാവശ്യയാത്രയ്ക്ക് ഇളവ് നല്‍കുകയുള്ളു. സോണുകള്‍ക്കുള്ളിലെ കണ്ടെയ്ന്‍മെന്റ് സോണും ബഫര്‍ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങള്‍ക്കു ലഭിക്കും.ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അധികൃതര്‍ക്ക് തീരുമാനിക്കാം.

നിയന്ത്രണങ്ങൾ

  • വിമാന സര്‍വിസുകള്‍ ഉണ്ടാവില്ല
  • മെട്രോ സര്‍വിസില്ല
  • സ്‌കൂള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും
  • ഹോട്ടലുകളും റസ്‌റ്റോറന്റുകള്‍ അടഞ്ഞുകിടക്കും
  • സിനിമ തിയറ്ററുകള്‍,ജിംനേഷ്യം,ഷോപ്പിങ് മാളുകള്‍ നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ അടഞ്ഞുകിടക്കും
  • ആരാധനാലയങ്ങളും അടഞ്ഞു തന്നെ
  • പൊതുപരിപാടികള്‍ക്കും നിയന്ത്രണം തുടരും
  • 65 വയസിന് മുകളിലുള്ളവരും 10 വയസിനും താഴെയുള്ളവരും ഗര്‍ഭിണികളും പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം തുടരും.
  • കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.
  • വിവാഹങ്ങള്‍ക്ക് 50ല്‍ അധികം ആളുകള്‍ പാടില്ല

ഇളവുകള്‍

  • സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം
  • സംസ്ഥാന,അന്തര്‍ സംസ്ഥാന ബസ് സര്‍വിസുകള്‍ക്ക് അനുമതി
  • ട്രെയിന്‍ സര്‍വിസുകളില്‍ ഇളവ്
  • ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കും
  • ഹോം ഡെലിവറിക്കായി അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ റസ്‌റ്റോറന്റുകള്‍ക്ക് അനുമതിയുണ്ട്.
  • ബസ് ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോട്ട് എന്നിവിടങ്ങളിലെ കാന്റീനുകള്‍ക്ക് പ്രവര്‍ത്തിക്കാം.

കഴിഞ്ഞ മൂന്ന് ഘട്ടങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്താമായികൂടുതല്‍ ഇളവുകളോടെയായിരിക്കും നാലാംഘട്ട ലോക്ഡൗണ്‍ എന്ന് അടുത്തിടെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിരുന്നു.

Share this story