ദുബൈ-കണ്ണൂർ വിമാനത്തിലെത്തിയ രണ്ട് പേർക്ക് കൊവിഡ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി

ദുബൈ-കണ്ണൂർ വിമാനത്തിലെത്തിയ രണ്ട് പേർക്ക് കൊവിഡ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി

ദുബൈയിൽ നിന്നുള്ള പ്രവാസികളുമായി ഞായറാഴ്ച രാത്രി കണ്ണൂരിലെത്തിയ വിമാനത്തിൽ രണ്ട് യാത്രക്കാർക്ക് കൊവിഡ് രോഗലക്ഷണം. കണ്ണൂർ, കാസർകോട് സ്വദേശികൾക്കാണ് പരിശോധനയിൽ രോഗലക്ഷണം കണ്ടെത്തിയത്. ഇരുവരെയും അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി

ഇന്നലെ രാത്രിയെത്തിയ വിമാനത്തിൽ 181 യാത്രക്കാരാണുണ്ടായത്. ഇതിൽ 127 പേർ കണ്ണൂർ സ്വദേശികളും 58 പേർ കാസർകോട് സ്വദേശികളുമാണ്. കോഴിക്കോട്, കൂർഗ് സ്വദേശികളാണ് മറ്റുള്ളവർ. മെയ് 12ന് കണ്ണൂരിലെത്തിയ വിമാനത്തിലും രണ്ട് പേർക്ക് കൊവിഡ് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഇതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഞായറാഴ്ച മൂന്ന് വിമാനങ്ങൾ കൂടി ഗൾഫിൽ നിന്ന് കൊച്ചിയിലും എത്തിയിരുന്നു. ദുബൈ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസും ബഹ്‌റൈനിൽ നിന്ന് ഗൾഫ് എയർ വിമാനവുമാണ് എത്തിയത്. ബഹ്‌റൈനിൽ നിന്ന് വിവിധ കേസുകളിൽപ്പെട്ട് ജയിലിൽ കഴിയവെ പൊതുമാപ്പ് ലഭിച്ചവരാണ് തിരികെ വന്നത്. ഈ വിമാനത്തിൽ ബഹ്‌റൈൻ പൗരൻമാരായ 60 പേർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Share this story