എറണാകുളത്ത് കൂടുതൽ പ്രദേശങ്ങൾ കണ്ടൈൻമെൻ്റ് സോണിൽ

എറണാകുളത്ത് കൂടുതൽ പ്രദേശങ്ങൾ കണ്ടൈൻമെൻ്റ് സോണിൽ

എറണാകുളത്ത് കൂടുതൽ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണിലാക്കി. പിറവം നഗരസഭയിലെ പതിനേഴാം ഡിവിഷൻ, പൈങ്ങോട്ടൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ്, കൊച്ചി കോർപറേഷനിലെ 43, 44, 46, 55, 56 ഡിവിഷനുകൾ, പറവൂർ നഗരസഭയിലെ എട്ടാം ഡിവിഷൻ, കടുങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡ്, തൃക്കാക്കര നഗരസഭയിലെ 28-ാം ഡിവിഷൻ എന്നിവ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ എസ് സുഹാസ് പ്രഖ്യാപിച്ചു
അതേസമയം കൊച്ചിയിൽ കൊവിഡ് വ്യാപനം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗണെന്ന് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു. രോഗികൾ വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്നാണ് വിജയ് സാഖറെ വ്യക്തമാക്കിയത്. നഗരത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്നും കമ്മീഷണർ പറഞ്ഞു. ജില്ലയിൽ പൊലീസ് പരിശോധന വ്യാപകമായി നടപ്പാക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തത് 20 കേസാണ്. കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

അതേസമയം എറണാകുളത്ത് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.സമൂഹവ്യാപനഭീതി നിലനിൽക്കുകയാണ് ജില്ലയിൽ. 191 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ചമ്പക്കര മാർക്കറ്റ് നാളെ അടയ്ക്കുന്നതാണ്. വിദേശത്ത് നിന്നെത്തിയ എല്ലാവരിലും ആന്റിജൻ ടെസ്റ്റ് നടത്തുമെന്നാണ് വിവരം. ചെല്ലാനം ഹാർബറിലെ മത്സ്യത്തൊഴിലാളിയുടെ ഭാര്യ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചെല്ലാനം ഹാർബർ അടച്ചിട്ടുണ്ട്. ഇവിടെ പരിശോധന വർധിപ്പിക്കും. എറണാകുളം മാർക്കറ്റ് അടച്ചു.

Share this story