കൊറോണ പ്രതികരണത്തില്‍ തനിക്ക് തെറ്റു പറ്റിയെന്ന് ട്രംപ്

കൊറോണ പ്രതികരണത്തില്‍ തനിക്ക് തെറ്റു പറ്റിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ തനിക്ക് തെറ്റുപറ്റിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസ് സണ്‍ഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൊറോണയുടെ കാര്യത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ചെങ്കിലും വൈറസ് ഇല്ലാതാകുമെന്ന തന്റെ മുന്‍ പ്രവചനത്തെ പരമാര്‍ശിച്ച് ഒടുവിലത് ശരിയാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

പകര്‍ച്ച വ്യാധി വിദഗ്ധനായ ഡോ. അന്തോണി ഫൗച്ചിയുമായുള്ള തന്റെ ബന്ധം മികച്ചതാണെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ വൈറ്റ് ഹൗസുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് ഡോ. അന്തോണി ഫൗച്ചിയെ ഒരല്‍പനം മുന്നറിയിപ്പുകാരനാണെന്ന് വിശേഷിപ്പിച്ചു. കൊറോണയുടെ തുടക്കത്തില്‍ നിരവധി സംഭവങ്ങളില്‍ മാസ്‌ക്കുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഫൗച്ചിയുടെ നിലപാടുകള്‍ തെറ്റായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ ആളുകളോട് പുറത്തു പോകരുതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ളതിനാല്‍ എന്‍ 95 മാസ്‌കുകള്‍ വാങ്ങരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ ഏതെങ്കിലും തരത്തില്‍ മുഖം മറക്കാനാണ് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നത്.

കോവിഡ് വ്യാപിക്കുന്ന ആദ്യഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള യാത്ര നിരോധിക്കരുതെന്ന് ഫൗച്ചി തന്നോട് ആവശ്യപ്പെട്ടിരുന്നതായും അത് ഏറെ ഗുണം ചെയ്യില്ലെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ചൈനീസ് യാത്ര നിരോധിച്ചത് പതിനായിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചതായി ഫൗച്ചി തന്നോട് പറഞ്ഞതായും പ്രസിഡന്റ് അവകാശപ്പെട്ടു.

പ്രസിഡന്റിന് സംഭവിച്ച തെറ്റുകളെന്തൊക്കെയെന്ന് ഫോക്‌സ് സണ്‍ഡേയിലെ ക്രിസ് വലാസിന്റെ തുടര്‍ ചോദ്യങ്ങളില്‍ എല്ലാവര്‍ക്കും തെറ്റുകള്‍ സംഭവിക്കുമെന്നാണ് താന്‍ കരുതുന്നതെന്നു പറഞ്ഞ് പ്രസിഡന്റ് ഒഴിഞ്ഞുമാറി. എങ്കിലും ഒടുവില്‍ താനാണ് ശരിയാവുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റിന്റെ തെറ്റുകള്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തിയോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും മറ്റാരേക്കാളും താനാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു.

Share this story