ചൈനീസ് കോവിഡ് വാക്‌സിന്‍; രണ്ടാംഘട്ടം പരീക്ഷണം വിജയമെന്ന് റിപ്പോര്‍ട്ട്

ചൈനീസ് കോവിഡ് വാക്‌സിന്‍; രണ്ടാംഘട്ടം പരീക്ഷണം വിജയമെന്ന് റിപ്പോര്‍ട്ട്

ബീജിങ്: ചൈന വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ടം പരീക്ഷണം വിജയിച്ചതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതുമാണെന്ന് ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനഫലം വ്യക്തമാക്കുന്നു.

55നും അതിനു മുകളിലും പ്രായമുള്ളവരില്‍ നടത്തിയ ആദ്യ ഘട്ടം പരീക്ഷണം വിജയിച്ചതിനെത്തുടര്‍ന്നാണ് രണ്ടാം ഘട്ടത്തില്‍ വലിയതോതില്‍ പരീക്ഷണം നടത്തിയത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. അതേസമയം, വാക്‌സിന്‍ പൂര്‍ണഫലം തരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീര്‍ച്ച പറയാനാവില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനിലെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘമാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

508 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. 253 പേര്‍ക്ക് ഉയര്‍ന്ന ഡോസും 129 പേര്‍ക്ക് കുറഞ്ഞ ഡോസും നല്‍കി. വാക്‌സിന്‍ സ്വീകരിച്ചവരില്‍ മൂന്നില്‍ രണ്ടുപേരും 18-44 വയസുള്ളവരായിരുന്നു. നാലിലൊന്നുപേര്‍ 45-54 പ്രായത്തിലും 13 ശതമാനംപേര്‍ 55 വയസിനു മുകളിലുള്ളവരുമായിരുന്നു.

ഉയര്‍ന്ന ഡോസ് സ്വീകരിച്ച 95 ശതമാനത്തിലും കുറഞ്ഞ ഡോസ് സ്വീകരിച്ച 91 ശതമാനത്തിലും 28 ദിവസം കഴിഞ്ഞശേഷവും കോവിഡിനെ ആന്റിബോഡികള്‍ കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Share this story