കോവിഡ് പ്രതിരോധത്തിൽ പോലീസ് സേനയുടെ പ്രവർത്തനം മികവുറ്റത്: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിൽ പോലീസ് സേനയുടെ പ്രവർത്തനം മികവുറ്റത്: മുഖ്യമന്ത്രി

പകർച്ചവ്യാധികൾ നേരിടാൻ പോലീസിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും കോവിഡ് മഹാമാരിയുടെ കാലത്തെ പോലീസ് സേനയുടെ പ്രവർത്തനം മികവുറ്റതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ ജില്ലകളിലെ ആറ് പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, കാസർകോട്ടെ ജില്ലാ പരിശീലന കേന്ദ്രം, കോട്ടയം മുട്ടമ്പലം, പാലക്കാട് മങ്കര എന്നിവിടങ്ങളിലെ പൊലീസ് ക്വാർട്ടേഴ്‌സുകൾ, കേരള പൊലീസ് അക്കാദമിയിലെ ബാരക്ക് എന്നിവ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡിനെ നേരിടുന്നതിന് ആരോഗ്യപ്രവർത്തകർക്കൊപ്പം മുൻപന്തിയിലാണ് പോലീസും. ഏതാനും പൊലീസുകാർ രോഗബാധിതരായി എന്നത് പൊലീസിന്റെ പ്രവർത്തനത്തെയോ കർമ്മനിരതയെയോ ബാധിച്ചിട്ടില്ല. ലോക്ക്ഡൗൺമൂലം പഠനം മുടങ്ങിപ്പോയ നമ്മുടെ നാട്ടിലെ സാധാരണക്കാരായ കുട്ടികൾക്ക് ഇലക്‌ട്രോണിക് പഠനോപകരണങ്ങൾ സമാഹരിച്ചുനൽകിയതിൽ പൊലീസ് സേന പുലർത്തിയ ഉത്തരവാദിത്തബോധം സമാനതകളില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നത്. ജോലിയുടെ പ്രത്യേകതയും വൈവിധ്യവും മൂലവും പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വന്തം കുടുംബത്തോടൊപ്പം കഴിയാൻ വളരെ കുറച്ച് സമയമേ ലഭിക്കാറുള്ളു. പൊലീസ് സ്റ്റേഷൻ പരിസരത്തുതന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിലൂടെ ഈ അസൗകര്യം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. ദിവസേന സ്വന്തം കുടുംബത്തിൽനിന്ന് പോയിവരുന്ന പൊലീസുകാരന് കൂടുതൽ ആത്മവിശ്വാസത്തോടെ ജോലി നിർവഹിക്കാൻ കഴിയും.

ഇതിനാലാണ് വിവിധ ജില്ലകളിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി താമസസൗകര്യം ഒരുക്കുന്നതിന് സർക്കാർ പ്രത്യേക പരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
16 ക്വാർട്ടേഴ്‌സുകളാണ് ഇത്തരത്തിൽ തയ്യാറാക്കിയിരിക്കുന്നത്. തൃശൂരിലെ കേരളാ പൊലീസ് അക്കാദമി ആസ്ഥാനത്തെ പുതിയ ബാരക്കിൽ 47 പൊലീസുകാർക്കു താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യമുണ്ട്.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ. ഡി. ജി. പിമാരായ ഷേക്ക് ദർവേസ് സാഹിബ്, ഐ. ജി പി. വിജയൻ എന്നിവർ സംബന്ധിച്ചു.

Share this story