കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ് കേരളം: മുഖ്യമന്ത്രി

കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ് കേരളം: മുഖ്യമന്ത്രി

കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യന്‍ എന്ന ശാസ്ത്രീയ മാര്‍ഗം നോക്കുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണ്. വേണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ല എന്നാണ് ചിലരുടെ ആക്ഷേപം. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. തുടക്കത്തില്‍ എന്‍ഐവി ആലപ്പുഴയില്‍ മാത്രമുണ്ടായിരുന്ന പരിശോധനാ സംവിധാനം വിപുലീകരിച്ചു.

15 സര്‍ക്കാര്‍ ലാബുകളിലും എട്ട് സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ട്രൂ നാറ്റ് പരിശോധന 19 സര്‍ക്കാര്‍ ലാബിലും 15 സ്വകാര്യ ലാബിലും സിബി നാറ്റ് പരിശോധന ആറ് സര്‍ക്കാര്‍ ലാബിലും ഒന്‍പത് സ്വകാര്യ ലാബിലും നടക്കുന്നു. എയര്‍പോര്‍ട്ടിലേയും ക്ലസ്റ്ററുകളിലേയും ആന്റിജന്‍ പരിശോധനയ്ക്കായി 10 ലാബുകളുമുണ്ട്. നിലവില്‍ 84 ലാബുകളില്‍ കൊവിഡിന്റെ വിവിധ പരിശോധനകള്‍ നടത്താനാകും. എട്ട് സര്‍ക്കാര്‍ ലാബുകളില്‍ കൂടി പരിശോധിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ലാബുകള്‍ക്ക് പരിശോധനയ്ക്കുള്ള അനുമതി നല്‍കുന്നുമുണ്ട്.

തുടക്കത്തില്‍ 100നു താഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. അത് രോഗവ്യാപന തോതനുസരിച്ച് 25,000 ല്‍ കൂടുതലെത്തിക്കാന്‍ കഴിഞ്ഞു. പരിശോധനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്.

റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,35,272 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ടെസ്റ്റ് പരിശോധയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യന്‍ എന്ന ശാസ്ത്രീയ മാര്‍ഗം നോക്കുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണ്.

ടെസ്റ്റ് പോസിറ്റീവിറ്റി 2.6 ശതമാനം മാത്രമാണ് സംസ്ഥാനത്തുള്ളത്. പരിശോധനകള്‍ വച്ച് അഞ്ച് ശതമാനത്തിന് താഴെ കേസുകളാണെങ്കില്‍ നിയന്ത്രണ വിധേയമാണെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്. 30 ദിവസത്തേയ്ക്ക് ആവശ്യമായ കിറ്റുകള്‍ കെഎംഎസിഎല്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. കുറവ് വരുന്ന മുറയ്ക്ക് അവ ശേഖരിക്കാനുമുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിനാല്‍ പരിശോധന കുറയുന്നു എന്ന ആശങ്കയ്ക്ക് ഒരടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share this story