കോവിഡ് വാക്‌സിനായി പ്രതീക്ഷയോടെ രാജ്യം; ആദ്യം പരീക്ഷിച്ചത് ഡല്‍ഹിലെ മുപ്പതുകാരനില്‍, പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍

കോവിഡ് വാക്‌സിനായി പ്രതീക്ഷയോടെ രാജ്യം; ആദ്യം പരീക്ഷിച്ചത് ഡല്‍ഹിലെ മുപ്പതുകാരനില്‍, പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍

രാജ്യത്താകമാനം പടര്‍ന്നുപിടിച്ച കോവിഡ് 19 വൈറസിനെ തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ ‘കോവാക്‌സി’ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം ഡല്‍ഹി എയിംസില്‍ വെള്ളിയാഴ്ച തുടങ്ങി. ഡല്‍ഹിക്കാരനായ മുപ്പതുകാരനിലാണ് കോവാക്‌സിന്‍ ആദ്യമായി പരീക്ഷിച്ചത്.

0.5 മില്ലിലിറ്റര്‍ വാക്‌സിനാണ് കുത്തിവെച്ചത്. യുവാവില്‍ ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നല്കുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു. അടുത്ത ഒരാഴ്ച ഇയാളെ നിരീക്ഷണവിധേയമാക്കുമെന്നും റായി വ്യക്തമാക്കി.

പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും പേരില്‍ക്കൂടി വാക്‌സിന്‍ കുത്തിവെക്കും. 3500-ലധികം പേരാണ് വാക്‌സിന്‍ പരീക്ഷണത്തിനായി എയിംസില്‍ സന്നദ്ധതയറിയിച്ചിരിക്കുന്നത്. ഇവരില്‍ 22 പേരുടെ ശാരീരിക പരിശോധന പുരോഗമിക്കുകയാണെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്ദീപ് ഗുലേറിയ പറഞ്ഞു.

പരിശോധനയില്‍ യോഗ്യരെന്ന് തെളിയുന്നവരിലാണ് വാക്‌സിന്‍ കുത്തിവെക്കുക. കോവാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഐ.സി.എം.ആര്‍. തിരഞ്ഞെടുത്തിരിക്കുന്ന 12 സ്ഥാപനങ്ങളിലൊന്നാണ് ഡല്‍ഹി എയിംസ്. ആദ്യഘട്ടത്തില്‍ ആകെ 375 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക.

ഇവരില്‍ 100 പേര്‍ എയിംസില്‍ നിന്നായിരിക്കും. രണ്ടാംഘട്ടത്തില്‍ 750 പേരില്‍ വാക്‌സിന്‍ കുത്തിവെക്കും. ആദ്യഘട്ടത്തില്‍ 18-55 വയസ്സ് പ്രായമുള്ളവരെയും രണ്ടാംഘട്ടത്തില്‍ 12-65 വയസ്സ് പ്രായമുള്ളവരെയുമാണ് പരീക്ഷണത്തിന് തിരഞ്ഞെടുക്കുകയെന്ന് രണ്ദീപ് ഗുലേറിയ പറഞ്ഞു.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് ഐ.സി.എം.ആറുമായി ചേര്‍ന്ന് ഈ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത്. രാജ്യം ഏറെ പ്രതീക്ഷയോടെയാണ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തെ നോക്കിക്കാണുന്നത്. വിജയിച്ചാല്‍ അധികം വൈകാതെ തന്നെ വാക്‌സിന്‍ വിപണിയിലെത്തിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

Share this story