അണ്‍ലോക്ക് നാലാം ഘട്ടം: മെട്രോ സര്‍വീസ് തുടങ്ങും, പൊതുയോഗങ്ങള്‍ക്ക് അനുമതി, സ്‌കൂളുകള്‍ തുറക്കില്ല

അണ്‍ലോക്ക് നാലാം ഘട്ടം: മെട്രോ സര്‍വീസ് തുടങ്ങും, പൊതുയോഗങ്ങള്‍ക്ക് അനുമതി, സ്‌കൂളുകള്‍ തുറക്കില്ല

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ നാലാം ഘട്ടം പ്രഖ്യാപിച്ചു. കേന്ദ്ര അഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിച്ചിരിക്കുനത്. സെപ്തംബര്‍ ഒന്ന് മുതല്‍ പല ദിവസങ്ങളിലായി പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കി തുടങ്ങും.

സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കി. 21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്.

സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നി അടഞ്ഞുതന്നെ കിടക്കും. ഓണ്‍ലൈന്‍ ടീച്ചിങ്-ടെലി കൗണ്‍സിലിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് എത്തിച്ചേരാം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം.

ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കണ്ടെയിന്‍മെന്റിന് പുറത്തുള്ള സ്‌കൂളുകളില്‍ അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് പോകാം. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന് വിധേയമായിട്ടായിരിക്കണം ഇത്. ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കും.

ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐ.ടി.ഐകള്‍, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ അനുമതി. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പിജി-ഗവേഷക വിദ്യാത്ഥികള്‍ക്ക് ലാബുകളിലും പരിശീലന കേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നല്‍കാന്‍.

സിനിമാ തിയേറ്ററുകളും സ്വിമ്മിങ് പൂളുകളും തുറക്കില്ല. 21 മുതല്‍ ഓപ്പണ്‍ തിയേറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. സെപ്റ്റംബര്‍ 30 വരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ യാതൊരു ഇളവുകളും ബാധകമല്ല.

സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും സംസ്ഥാനന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും ഇത്തരം യാത്രകള്‍ക്കായി പ്രത്യേക പെര്‍മിറ്റ് ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 10 വയസിന് താഴെ പ്രായമുള്ളവര്‍ക്കുമുള്ള യാത്രാവിലക്ക് തുടരും.

Share this story