കോവിഡ് വ്യാപനം രൂക്ഷം; ഒമാനിലെ ബീച്ചുകള്‍ അടച്ചിടും

കോവിഡ് വ്യാപനം രൂക്ഷം; ഒമാനിലെ ബീച്ചുകള്‍ അടച്ചിടും

മസ്‌കറ്റ്: ഒമാനിലെ മുഴുവന്‍ ബീച്ചുകളിലും ഇനിയൊരു ഉത്തരവ് വരുന്നത് വരെ പകല്‍സമയത്തും പ്രവേശനം നിരോധിക്കും. അധികൃതര്‍ നിര്‍ദേശിച്ചത് പ്രകാരം കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന കാരണത്താല്‍ നേരത്തെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്ന ഏതാനും മേഖലകളും വീണ്ടും അടച്ചുപൂട്ടും. പൊതുജനങ്ങളോടെ, പ്രത്യേകിച്ച് യുവാക്കളോട്, രോഗ പ്രതിരോധ സുരക്ഷാനിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്ന് സുപ്രീം കമ്മിറ്റി അഭ്യര്‍ഥിച്ചു. എല്ലാവിധ കുടുംബ, സാമൂഹിക സംഗമങ്ങള്‍ നിര്‍ത്തിവെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് നിയമലംഘകര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. നിയമം ലംഘിക്കുന്നവരുടെ പേരുകള്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുമെന്നും സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ജി.സി.സിയില്‍ സൗദി അറേബ്യക്ക് ശേഷം കോവിഡ് മൂലം ആയിരം പേര്‍ മരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഒമാന്‍. ഭീതിജനകമായ നിലവിലെ സാഹചര്യം മുന്‍നിര്‍ത്തിയാണ് സുപ്രീം കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍സഈദി വ്യക്തമാക്കി. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സുപ്രീം കമ്മിറ്റി നേരത്തെ എടുത്ത തീരുമാനം പുനഃപരിശോധിക്കാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Share this story