എൻഎം വിജയന്റെ മരണം: ഐസി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൽ നിർദേശം നൽകി കോടതി. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിർദേശം. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും എംഎൽഎ ഐസി ബാലകൃഷ്ണന്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നിർദേശം
കേസിൽ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ഉണ്ടാകാമെന്നിരിക്കെയാണ് കോടതിയുടെ വാക്കാൽ നിർദേശം വന്നത്. കേസ് ഡയറി ജനുവരി 15ന് ഹാജരാക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടു. ഐസി ബാലകൃഷ്ണൻ ഒളിവിൽ അല്ലെന്നും പോലീസ് സുരക്ഷയുള്ള ആളാണ് എംഎൽഎയെന്നും പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു
കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് നേതാക്കളും ഒളിവിലാണെന്നാണ് വിവരം. കോൺഗ്രസിനും വലിയ തിരിച്ചടിയാണ് സംഭവമുണ്ടാക്കിയിരിക്കുന്നത്. വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല