Kerala

കൊവിഡിനു ശേഷം മരണം കുതിച്ചുയരുന്നു; മഹാരാഷ്‌ട്ര കഴിഞ്ഞാൽ കേരളം

തിരുവനന്തപുരം: കൊവിഡ് കാലഘട്ടത്തിനു ശേഷം കേരളത്തിൽ മരണ നിരക്ക് കുതിച്ചുയർന്നു. തൊട്ടു തലേവർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലേറെയാണ് 2021ൽ മരണ നിരക്ക് കൂടിയത്. അതിനടുത്ത വർഷവും മരണ നിരക്കിലെ വർധന സമാനമായി തുടർന്നു. എന്നാൽ, 2023ൽ മരണ നിരക്ക് കൊവിഡിനു മുമ്പത്തെ നിരക്കിലേക്ക് തിരികെപ്പോയി എന്നതാണ് ആശ്വാസകരം.

സംസ്ഥാന ജനന- മരണ രജിസ്ട്രാറുടെ കണക്കനുസരിച്ചാണിത്. 2024ലെ മരണ നിരക്ക് ക്രോഡീകരിക്കാത്തതിനാൽ ആ കണക്ക് ഇനി മാത്രമേ ലഭ്യമാവൂ.

കേരളത്തിലെ ആദ്യ കൊവിഡ് ബാധ 2020 ജനുവരി 30ന് തൃശൂരിൽ സ്ഥിരീകരിച്ചു. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസ് കൂടിയായിരുന്നു ഇത്. കേരളത്തിൽ കൊവിഡ് നിയന്ത്രണവിധേയമായത് 2021 അവസാനത്തോടെയാണ്.

കൊവിഡിന് മുമ്പ് 2018ൽ സംസ്ഥാനത്തെ ആകെ മരണം 2,61,007. അക്കൊല്ലം ഫെബ്രുവരിയിലാണ് ഏറ്റവും കുറഞ്ഞ മരണം- 19,472. ആ വർഷം ഏറ്റവും കൂടുതൽ മരണമുണ്ടായത് സെപ്റ്റംബറിലാണ്- 28,015.

അതിനടുത്ത വർഷം 2019ൽ 2,70,600 മരണമാണുണ്ടായത്. അക്കൊല്ലം ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതൽ മരണം- 27,003. ഏറ്റവും കുറവ് ഏപ്രിലിൽ- 18,582.

കൊവിഡ് നടമാടിയ 2020ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണമുണ്ടായത് നവംബറിലാണ്- 25,558. അക്കൊല്ലം ഏപ്രിലിലാണ് ഏറ്റവും കുറഞ്ഞ മരണം-13,338. മാർച്ചിൽ 16,176 പേർ മരിച്ചു. ജൂലൈയിലും മരണസംഖ്യ താരതമ്യേന കുറവായിരുന്നു- 19,598.

അതിനടുത്ത വർഷം 2021ലാണ് മരണ സംഖ്യ കേരളത്തിൽ ഏറ്റവും കൂടിയത്- 3,41,031. അതുവരെ ഒരുമാസം ശരാശരി മരണം 30,000 കടക്കാത്ത സംസ്ഥാനത്ത് അക്കൊല്ലം 4 മാസങ്ങൾ അത് പിന്നിട്ടു. ജൂൺ- 32,501, ജൂലൈ- 32, 056, സെപ്റ്റംബർ- 34,685, ഒക്റ്റോബർ- 32,745. ആ വർഷം ഏറ്റവും കുറഞ്ഞ മരണസംഖ്യ ഏപ്രിലിലായിരുന്നു- 21,231.

തൊട്ടടുത്ത വർഷം 2022ൽ മരണം 3,36,592 ആയി തലേവർഷവുമായി വലിയ വ്യത്യാസമില്ലാതെ തുടർന്നു. 3,36,592 പേരാണ് അക്കൊല്ലം മരിച്ചത്. ആ വർഷവും മരണക്കണക്കിൽ ഒരു മാസവും 30,000 കടന്നില്ല. 29,908 പേർ മരിച്ച ഫെബ്രുവരിയാണ് അക്കൊല്ലത്തെ മരണ സംഖ്യയിൽ മുന്നിൽ. ഏറ്റവും കുറച്ചുപേർ മരിച്ചത് മേയിലാണ്- 23,745.

അതിനടുത്ത വർഷം 2023ൽ ആകെ മരണം 2,78,284 ആയി കുറഞ്ഞു. മാർച്ചിലായിരുന്നു ഏറ്റവും കൂടുതൽ മരണം- 27,575. കഴിഞ്ഞ 6 വർഷത്തെ ഏറ്റവും കുറഞ്ഞ മരണമുണ്ടായത് അക്കൊല്ലം ഏപ്രിലിലാണ്- 10,534.

കൊവിഡ് മരണം: മഹാരാഷ്‌ട്ര കഴിഞ്ഞാൽ കേരളം

ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത് മഹാരാഷ്‌ട്രയിലാണ്- 1,48,556 . മരിച്ചവരുടെ എണ്ണത്തിൽ രണ്ടാമത് കേരളമാണ്- 71,945. മരണസംഖ്യയിൽ മൂന്നാമതുള്ളത് 40,357 പേർ മരിച്ച കർണാടകയാണ്. 2023 ഓഗസ്റ്റ് ഒന്നിന്‍റെ കേന്ദ്ര സർക്കാർ കണക്കാണിത്.

എന്നാൽ, കഴിഞ്ഞ വര്‍ഷം (2024) ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങളുണ്ടായത് കേരളത്തിലാണ്. 66 പേരാണ് മരിച്ചത്. കര്‍ണാടകത്തില്‍ 39 പേരും മഹാരാഷ്‌ട്ര, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ 30ലധികം പേരും മരിച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്.

Related Articles

Back to top button
error: Content is protected !!