പതിറ്റാണ്ടുകളുടെ ശത്രുത അവസാനിച്ചു; അസർബൈജാനും അർമേനിയയും സമാധാന കരാറിൽ ഒപ്പുവെച്ചത് ട്രംപിന്റെ സാന്നിധ്യത്തിൽ

വാഷിംഗ്ടൺ: പതിറ്റാണ്ടുകളായി നീണ്ടുനിന്ന സംഘർഷങ്ങൾക്ക് അറുതി വരുത്തി അസർബൈജാനും അർമേനിയയും തമ്മിൽ ചരിത്രപരമായ സമാധാനക്കരാറിൽ ഒപ്പുവെച്ചു. വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് ഇരു രാജ്യങ്ങളിലെയും നേതാക്കൾ കരാറിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും ഗതാഗത മാർഗ്ഗങ്ങൾ തുറക്കാനും കരാർ ലക്ഷ്യമിടുന്നു.
നാഗോർണോ-കറാബാക്ക് മേഖലയെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് ഈ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ പ്രധാന കാരണം. കരാർ പ്രകാരം, ഇരു രാജ്യങ്ങളും പരസ്പരം പരമാധികാരവും പ്രാദേശിക അഖണ്ഡതയും മാനിക്കാൻ തീരുമാനിച്ചു. ഇത് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
കരാറിൻ്റെ ഭാഗമായി ‘ട്രംപ് റൂട്ട് ഫോർ ഇൻ്റർനാഷണൽ പീസ് ആൻഡ് പ്രോസ്പെരിറ്റി’ എന്ന പേരിൽ ഒരു പ്രധാന ഗതാഗത ഇടനാഴി സ്ഥാപിക്കും. ഇത് ഇരു രാജ്യങ്ങൾക്കുമിടയിൽ തടസ്സമില്ലാത്ത ഗതാഗതവും വ്യാപാരവും സാധ്യമാക്കും. ഈ ഇടനാഴി വികസിപ്പിക്കാനുള്ള പ്രത്യേക അവകാശം അമേരിക്കയ്ക്ക് ലഭിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഈ കരാറോടെ, ദക്ഷിണ കോക്കസസ് മേഖലയിൽ റഷ്യക്കുള്ള സ്വാധീനം കുറയുകയും അമേരിക്കയ്ക്ക് കൂടുതൽ ഇടപെടാൻ അവസരം ലഭിക്കുകയും ചെയ്യും. ഈ സമാധാന നീക്കത്തിന് ട്രംപിനെയും അദ്ദേഹത്തിന്റെ ടീമിനെയും അസർബൈജാൻ, അർമേനിയൻ നേതാക്കൾ അഭിനന്ദിച്ചു. ട്രംപിന്റെ മധ്യസ്ഥതയെ തുടർന്ന് ഇരു നേതാക്കളും തമ്മിൽ പരസ്പരം കൈകൊടുക്കുകയും സൗഹൃദം പ്രകടിപ്പിക്കുകയും ചെയ്തു.