താനൂരിൽ പ്ലസ് ടു വിദ്യാർഥിനികളുടെ നാടുവിടൽ; അന്വേഷണ സംഘം വീണ്ടും മുംബൈയിലേക്ക്

മലപ്പുറം താനൂരിൽ കുട്ടികൾ നാട് വിട്ട സംഭവത്തിൽ അന്വേഷണ സംഘം മുംബൈയിലേക്ക്. തുടരന്വേഷണങ്ങൾക്കായാണ് പോലീസ് സംഘം വീണ്ടും മുംബൈയിലേക്ക് തിരിക്കുന്നത്. കുട്ടികൾ സന്ദർശിച്ച ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികൾക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷണം നടത്തുകയാണ് ലക്ഷ്യം.
ബ്യൂട്ടിപാർലറിന് എതിരെ ആരോപണം കൂടി ഉയർന്ന സാഹചര്യത്തിലാണ് പോലീസ് നടപടി. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ഇപ്പോഴും സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ തുടരുന്ന പെൺകുട്ടികളെ ഞായറാഴ്ച തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തിരുന്നു.
കുട്ടികൾ കൂടുതൽ കാര്യങ്ങൾ സംസാരിക്കാത്തത് കാര്യങ്ങൾ വ്യക്തമാകാൻ തടസമാകുന്നുണ്ട്. കുട്ടികളെ രക്ഷിതാക്കൾക്ക് വിട്ടു നൽകുന്നതിന് മുമ്പായി അവർക്ക് കൂടി കൗൺസിലിങ് നൽകും. ഇതിനിടെ കുട്ടികളെ കൊണ്ടുപോയ റഹീമിനെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി പോലീസ് കസ്റ്റഡിയിലേക്ക് ഉടൻ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം.