മലപ്പുറത്ത് കിണറ്റിൽ വീണ ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടി വെക്കുമെന്ന് ഡിഎഫ്ഒ
മലപ്പുറത്ത് കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ പ്രതികരണവുമായി നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി കാർത്തിക്. വയനാട്ടിൽ നിന്ന് വിദഗ്ധ സംഘമെത്തി ആനയെ പരിശോധിക്കും. കിണറിന്റെ വശങ്ങളിടിച്ച് ആനയെ കരയ്ക്ക് എത്തിച്ച ശേഷം മയക്കുവെടി വെച്ച് പിടികൂടാനാണ് ആലോചന. ഇതുസംബന്ധിച്ച് ചീഫ് എലഫെന്റ് വാർഡിന്റെ നിർദേശം വേണം. ഇത് ലഭിച്ചാൽ നടപടികളുമായി മുന്നോട്ടുപോകും
ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മാത്രമേ മയക്കുവെടി വെക്കുന്നതടക്കമുള്ള നീക്കങ്ങൾ നടത്തൂ. കിണറിന്റെ വശങ്ങൾ ഇടിച്ച് ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പമാർഗം. നാട്ടുകാരുടെ വികാരം കൂടി മാനിക്കും. ആനയെ സ്ഥലത്ത് നിന്ന് മാറ്റുന്നതിലും മയക്കുവെടി വെക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
വനംമന്ത്രിയുടെ നിർദേശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡിഎഫ്ഒ അറിയിച്ചു. ആനയെ മയക്കുവെടി വെച്ച് പിടികൂടി ദൂരെ ഉൾക്കാട്ടിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ആനയെ കിണറ്റിൽ തന്നെ മണ്ണിട്ട് മൂടണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു.