വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും. നിയമഭേദഗതിക്കെതിരെ ഡിഎംകെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ലോക്‌സഭാംഗവും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ രാജയാണ് വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വഖഫ് ബില്ലിനായുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയിലും എ രാജ അംഗമായിരുന്നു. തമിഴ്‌നാട്ടില്‍ ഏകദേശം അന്‍പത് ലക്ഷം വരുന്ന മുസ്‌ലിങ്ങളുടെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ 20 കോടി മുസ്‌ലിങ്ങളുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഭേദഗതി നിയമം എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജെപിസിയിലും പാര്‍ലമെന്ററി ചര്‍ച്ചയിലും അംഗങ്ങള്‍ ഉന്നയിച്ച ഗുരുതരമായ എതിര്‍പ്പുകള്‍ പരിഗണിക്കാതെയാണ് നിയമം പാസാക്കിയതെന്നും ഡിഎംകെ വ്യക്തമാക്കുന്നു.
നിയമത്തിനെതിരെ നേരത്തേ കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി, ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്‍ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബില്‍ ശനിയാഴ്ച അര്‍ധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.