National

വീരാനയെന്ന ഹിന്ദി ചിത്രവും ജാസ്മിന്‍ എന്ന നായികയേയും ഓര്‍മയുണ്ടോ? ഒറ്റ രാത്രികൊണ്ട് സൂപ്പര്‍താരമായ ദാവൂദ് ഇബ്രാഹിം നോട്ടമിട്ട ജാസ്മിന്‍ ദുന്നയെക്കുറിച്ച് തന്നെ

മുംബൈ: ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും ഹിറ്റ് ഹൊറര്‍ സിനിമകളിലൊന്നായിരുന്നു വീരാന. രാംസേ സഹോദരങ്ങളായ ശ്യാം രാംസേയും തുളസി രാംസേയും കഥയും തിരക്കഥയും സംവിധാനവുമെല്ലാം നിര്‍വഹിച്ച് കന്ത രാംസേ നിര്‍മിച്ച 1988ല്‍ ബോളിവുഡില്‍നിന്നു പുറത്തിറങ്ങിയ ഈ സിനിമ ഇന്ത്യന്‍ പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ വിസ്മയിപ്പിച്ച ഒന്നായിരുന്നു.

ചെറിയ ബജറ്റിലെത്തി വന്‍ ഹിറ്റായി മാറിയ പടമായിരുന്നു വീരാന. ഹേമന്ത് ബിര്‍ജെയും കുല്‍ബൂഷണ്‍ ഖര്‍ബന്ദയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഏറെ നായിക പ്രാധാന്യമുള്ള ചിത്രത്തില്‍ ജാസ്മിന്‍ ധുന്ന എന്ന താരമായിരുന്നു നായിക. കാണാന്‍ അതീവസുന്ദരിയായ യുവതിയായിരുന്നു ജാസ്മിന്‍ പ്രതാപ് എന്ന ജാസ്മിന്‍ ദുന്ന.

വീരാനയെന്ന പ്രേതകഥയില്‍ പ്രേതമായി എത്തുന്ന ജാസ്മിന്റെ മാദകസൗന്ദര്യം സിനിമയിലുടനീളം സംവിധായകന്‍ ഏറ്റവും സമര്‍ഥമായി ഉപയോഗിച്ചിട്ടുമുണ്ട്. ആ സര്‍പസൗന്ദര്യമായിരുന്നു ഒറ്റ രാത്രികൊണ്ട് ജാസ്മിന്റെ തലവര മാറ്റിവരച്ചത്. 13ാം വയസില്‍ 1979ല്‍ പുറത്തിറങ്ങിയ വിനോദ് ഖന്ന നായകനായ സര്‍ക്കാരി മെഹ്്മാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അവരുടെ അരങ്ങേറ്റം. പിന്നീട് അഞ്ചു വര്‍ഷത്തെ ഇടവേളക്കൊടുവില്‍ ഡിവേഴ്‌സ് എന്ന ചിത്രത്തിലാണ് 1984ല്‍ പ്രത്യക്ഷപ്പെടുന്നത്. വീരാനയിലെ അനിതരസാധാരണമായ അഭിനയമായിരുന്നു അവരെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തിച്ചത്.

സിനിമ ഇറങ്ങിയ ഒറ്റരാത്രി കൊണ്ട് അനേകായിരം ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുത്ത ജാസ്മിന്റെ ആരാധകക്കൂട്ടത്തില്‍ സാക്ഷാല്‍ ദാവൂദ് ഇബ്രാഹീമും ഉള്‍പ്പെട്ടിരുന്നൂവെന്നതാണ് അത്ഭുതകരമായ കാര്യം. മുംബൈ അധോലോകത്തെ കൈപിടിയിലിട്ട് ദാവൂദ് അമ്മാനമാടുന്ന കാലത്തായിരുന്നു സിനിമയുടെ റിലീസ്. ജാസ്മിനെ അന്തമായി കാമിച്ച ദാവൂദ് താരം എവിടെ പോയാലും തന്റെ ആളുകളെ അവരെ പിന്തുടരാന്‍ അയക്കുന്നത് അക്കാലത്ത് പതിവായിരുന്നു.

വീരാനയുടെ വിജയാഘോഷം അവസാനിക്കും മുന്‍പ് ജാസ്മിന്‍ അപ്രത്യക്ഷയായി. താരം എവിടെയെന്നോ ആരാണ് അവരെ കടത്തികൊണ്ടുപോയെതെന്നോ യാതൊരു അറിവും ഇല്ലാത്ത വല്ലാത്തൊരു കാലം. ആ തിരോധാനം ഇന്ത്യന്‍ മാധ്യമങ്ങള്‍ കുറേക്കാലം അന്ന് സജീവമായി ചര്‍ച്ചചെയ്തിരുന്നു. ജാസ്മിനെ ദാവൂദ് ഇബ്രാഹിം തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന തരത്തില്‍ ധാരാളം കിംവദന്തികള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. താന്‍ ആഗ്രഹിച്ചതൊന്നും വിട്ട് കളയാന്‍ ഇഷ്ടമില്ലാത്ത അതിക്രൂരനായ ദാവൂദ് തന്നെയാണ് അന്നത്തെ തിരോധാനത്തിന് പിന്നിലെന്നാണ് ഇന്നും വീരാനയിലെ നായികയുടെ ആരാധകര്‍ വിശ്വസിക്കുന്നത്. തൊണ്ണൂറുകളില്‍ ജാസ്മിന്‍ വിവാഹിതയായെന്നും യുഎസിലേക്ക് പോയെന്നുമൊക്കെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വന്നിരുന്നു.

രാംസേ സഹോദരന്മാരില്‍ ഒരാളായ ശ്യാം രാംസേ 2017ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഏറ്റവും ഒടുവില്‍ വീരാനയിലെ നായികയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ജാസ്മിന്‍ ദുന്ന മുംബൈയില്‍തന്നെ റിട്ടയേഡ് ജീവിതം നയിക്കുകയാണെന്നും അവരെക്കുറിച്ച് വന്ന കിംവദന്തികള്‍ക്ക് അടിസ്ഥാനമില്ലെന്നും ശ്യാം രാംസേ വ്യക്തമാക്കിയിരുന്നു.

അമ്മയുടെ മരണത്തോടെയാണ് അവര്‍ സിനിമാ രംഗത്തുനിന്നും മാറിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്തായാലും കത്തിജ്വലിച്ചുനില്‍ക്കേ രംഗം വിട്ട ഈ നായികയേക്കുറിച്ച് എന്തു വാര്‍ത്ത വന്നാലും ആ സിനിമ കണ്ടവരെല്ലാം ഒറ്റ നിമിഷത്തിനകം ഇന്നും അതിന് പിന്നാലെ പോകുമെന്നത് വീരാനയെന്ന പ്രേതകഥ എത്രത്തോളം പ്രേക്ഷകരെ സ്വാധീനിച്ചൂവെന്നതിന്റെ തെളിവ് തന്നെയാണ്.

Related Articles

Back to top button