ഡോക്ടർ നിർദേശിച്ച മരുന്നിന് പകരം മൂന്നിരട്ടി ഡോസുള്ള മരുന്ന് നൽകി; 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂരിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റുകൾ നൽകിയത് മൂന്നിരട്ടി ഡോസ് കൂടിയ മരുന്ന്. ഡോക്ടർ നിർദേശിച്ചതല്ലാത്ത മരുന്ന് മാറിക്കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് ഫാർമസിസ്റ്റുകൾ എടുത്ത് നൽകിയെന്നാണ് ആരോപണം
കണ്ണൂരിലെ ഖദീജ മെഡിക്കൽസിന്റെ ഭാഗത്ത് നിന്നാണ് ഗുരുതരമായി വീഴ്ച സംഭവിച്ചത്. ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയുമായി വീട്ടുകാർ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. കുഞ്ഞിന് ഡോക്ടർ കാൽപോൾ സിറിപ്പ് കുറിച്ച് നൽകി. എന്നാൽ ഈ കുറിപ്പുമായി എത്തിയ വീട്ടുകാർക്ക് ഖദീജ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാർ എടുത്ത് നൽകിയത് കാൽപോൾ ഡ്രോപ് ആണ്
മരുന്ന് മാറിയത് അറിയാതെ ഡോക്ടറുടെ നിർദേശം അനുസരിച്ച് മൂന്ന് നേരം കുട്ടിക്ക് മരുന്ന് നൽകി. പനി മാറിയെങ്കിലും കുട്ടിക്ക് മറ്റ് ബുദ്ധിമുട്ടുകൾ തോന്നിയതോടെ വീട്ടുകാർ വീണ്ടും ക്ലിനിക്കിലെത്തി. മരുന്ന് മാറിയത് അറിഞ്ഞ ഡോക്ടർ ഉടൻ തന്നെ കുട്ടിക്ക് ലിവർ ഫംഗ്ഷൻ ടെസ്റ്റ് നടത്തി. ഇതിന്റെ ഫലങ്ങൾ പലതും ഉയർന്ന നിരക്കിലായിരുന്നു. കുട്ടിയെ ഉടനെ ആസ്റ്റർ മിംസിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.