സൗദിയിലെ വിദേശ സ്‌കൂളുകളിൽ സ്വദേശി മാനേജര്‍മാരെ നിയമിക്കണം; വിദ്യാഭ്യാസ മന്ത്രാലയം

സൗദിയിലെ വിദേശ സ്‌കൂളുകളിൽ സ്വദേശി മാനേജര്‍മാരെ നിയമിക്കണം; വിദ്യാഭ്യാസ മന്ത്രാലയം

റിയാദ്: സൗദിയിലെ സ്വകാര്യ, വിദേശ സ്കൂളുകളിൽ സ്വദശി മാനേജരെ നിയമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആഗസ്റ് 20 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരിക.

സ്വദേശി പൗരനാകണം, ബിരുദധാരിയാകണം, ഇംഗ്ലീഷ്​ ഭാഷാപരിജ്ഞാനമുണ്ടാകണം, വിദ്യാഭ്യാസ രംഗത്ത് നാല് വർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം, സ്കൂൾ മാനേജർ ജോലിയല്ലാത്ത മറ്റു ജോലിയിൽ നിയമിതനായ ആളാവരുത്​, പ്രവൃത്തി സമയം മുഴുവൻ സ്കൂളിൽ ഉണ്ടായിരിക്കണം, വിദേശ അന്താരാഷ്​ട്ര സ്കൂളാണെങ്കിൽ സ്കൂളിന്റെ പാഠ്യപദ്ധതിയുമായി ബന്ധ​പ്പെട്ട ഭാഷ ഏതാണോ ആ ഭാഷയിൽ പരിജ്ഞാനമുണ്ടായിരിക്കൽ എന്നിവയാണ് യോഗ്യതകൾ.

യോഗ്യതയുള്ള ഉദ്യോഗാർത്ഥിയുടെ അപേക്ഷ സ്കൂൾ അധികൃതർ വിദ്യാഭ്യാസ മന്താലയത്തിന് സമർപ്പിച്ചിരിക്കണം. സ്കൂളിൻ്റെ ചെലവിൽ മന്ത്രാലയമാണ് നിയമനം നടത്തുക. ഒരു അധ്യയന വര്ഷത്തേക്ക് പരിശീലനടിസ്ഥാനത്തിലാണ് ആദ്യ നിയമനം നടത്തുക. ജോലി സംതൃപ്തമാണെങ്കിൽ കരാർ പുതുക്കും. മന്ത്രാലയത്തിൻറെ വിലയിരുത്തലിൽ 80 ശതമാനത്തിൽ കുറഞ്ഞ പോയിന്റ് ലഭിക്കുകയോ, മന്ത്രാലയത്തിന്റെ നിയമത്തിനോ സ്കൂളിൻ്റെ നടത്തിപ്പിനോ നിരക്കാത്ത പ്രവർത്തനങ്ങളോ, ഉത്തരവാദിത്തത്തിൽ വീഴ്ചയോ സംഭവിച്ചാൽ ജോലിയിൽ തുടരാനാവില്ല.

Share this story