പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് സുവർണാവസരം; നേവിയിൽ ജോലി, ഒപ്പം ബി.ടെക് ബിരുദവും

പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് സുവർണാവസരം; നേവിയിൽ ജോലി, ഒപ്പം ബി.ടെക് ബിരുദവും

പ്ലസ്ടു വിദ്യാർഥികൾക്ക് സ്വപ്‌നതുല്യമായ അവസരമൊരുക്കി ഇന്ത്യൻ നേവി. 2019 ജൂലായിൽ ആരംഭിക്കുന്ന 10+2 (ബി.ടെക്.) കേഡറ്റ് എൻട്രി പദ്ധതി പ്രകാരം അവിവാഹിതരായ ആൺകുട്ടികൾക്കാണ് ഈ സുവർണാവസരം. ഒറ്റ പ്രവേശനം. അതുവഴി ആദ്യം പഠിച്ച് എഞ്ചിനീയറിങ്ങിൽ ബിരുദമെടുക്കാം. അതും ജവഹർലാൽ നെഹ്‌റു സർവകലാശാലയുടേത്. ഒപ്പം നേവിയിൽ ജോലി ഉറപ്പ്. ഓഫീസറായി സ്ഥിരം കമ്മീഷൻ. ഇതാണ് നേവിയുടെ വാഗ്ദാനം.

2000 ജനുവരി 2നും 2002 ജൂലായ് 1 നും ഇടയ്ക്ക് ജനിച്ചവർക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചിരിക്കണം. ഈ മൂന്നു വിഷയങ്ങൾക്കും കൂടി 70 ശതമാനം മാർക്കും വേണം. ഇംഗ്ലീഷിലും അല്പം മിടുക്കുവേണം. 10ലോ 12ലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്കും നേടണം. അപേക്ഷ നവംബർ മൂന്നുമുതൽ നൽകാം.

http://www.joinindiannavy.gov.in വഴി. ഓൺലൈൻ അപേക്ഷ നൽകാൻ നവംബർ 22 വരെയാണ് സമയം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ത്യൻ നേവി പരീക്ഷയൊന്നും നടത്തുന്നില്ല. പക്ഷേ, അപേക്ഷകർ ബി.ഇ./ബി. ടെക്. പ്രവേശനത്തിനായി 2018ൽ സി.ബി.എസ്.ഇ. നടത്തിയ ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ.ഇ. ഇ.) മെയിൻ അഭിമുഖീകരിച്ചിരിക്കണം. അതിലെ അഖിലേന്ത്യാ റാങ്ക് വെച്ചാണ് അപേക്ഷകരെ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്. രണ്ടാംഘട്ടം സർവീസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി.) ഇന്റർവ്യൂ ആണ്.

2019 ഫെബ്രുവരിഏപ്രിൽ മാസത്തിൽ ഇതു പ്രതീക്ഷിക്കാം. സായുധസേനയിൽ പ്രവർത്തിക്കാനുള്ള അപേക്ഷകരുടെ അഭിരുചി ഇവിടെ വിലയിരുത്തും. ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ എന്നിവയാണ് ആദ്യഘട്ടത്തിൽ. അതു കടന്നാൽ, സൈക്കോളജി ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ്, ഇന്റർവ്യൂ എന്നിവ. അതിലും തിളങ്ങിയാൽ പിന്നെ മെഡിക്കൽ പരിശോധനയാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ കണ്ണൂരിലെ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ നാലുവർഷത്തെ എൻജിനീയറിങ് പഠനം. അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചുകളിലൊന്നിൽ. പഠനച്ചെലവ് പൂർണമായും നേവി വഹിക്കും. കോഴ്‌സ് കഴിഞ്ഞാൽ ആദ്യ നിയമനം സബ് ലഫ്റ്റനന്റായി. പ്രതിമാസ കോസ്റ്റ് ടു കമ്പനി (സി.ടി.സി.) തുടക്കത്തിൽ 1 ലക്ഷം രൂപയ്ക്കടുത്ത്. പടിപടിയായി ഉയർന്ന റാങ്കുകളിലേക്ക് നീങ്ങാൻ സാധിക്കും.

Share this story