ഇഎൻ സുരേഷ് ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങൾ
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ്ബാബു തുടരും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇ എൻ സുരേഷ് ബാബുവിന് ഇത് രണ്ടാം ടേമാണ്. ചിറ്റൂരിൽ നടക്കുന്ന സിപിഎം പാലക്കാട് ജില്ലാ സമ്മേളനമാണ് സുരേഷ് ബാബുവിനെ വീണ്ടും തിരഞ്ഞെടുത്തത്.
അമ്പത്തിനാലുകാരനായ സുരേഷ്ബാബു വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. എസ്എഫ്‌ഐ ചിറ്റൂർ ഏരിയ പ്രസിഡന്റും ഡി വൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുമായിട്ടുണ്ട്. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായും ചിറ്റൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു.
നിലവിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റും മലബാർ സിമന്റ്‌സ് ഡയറക്ടറുമാണ്. ചിറ്റൂർ പെരുമാട്ടി സ്വദേശിയാണ് സുരേഷ് ബാബു. എട്ട് പുതുമുഖങ്ങളാണ് പുതിയതായി തിരഞ്ഞെടുത്ത പുതിയ ജില്ലാ കമ്മിറ്റിയിൽ ഇടം നേടിയത്. ആർ.ജയദേവൻ, എൻ സരിത, സി പി പ്രമോദ്, എൻ ബി സുഭാഷ്, ടി കെ അച്യുതൻ, ടി കണ്ണൻ, ഗോപാലകൃഷ്ണൻ, സി ഭവദാസ് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.