Novel

എന്നും നിനക്കായ്: ഭാഗം 19

രചന: Ummu Aizen

 ഓൻ പറയുന്ന കാര്യങ്ങൾ കേട്ടതും നമ്മൾക്ക് കലി കേറാൻ തുടങ്ങി. ” നീയും ഷെഫിനും തമ്മിൽ എന്താ ബന്ധം? കോളേജിൽ പലരും പറയുന്നത് കേട്ടു നീയും അവനും തമ്മിൽ പ്രണയത്തിൽ ആണെന്ന് അതുകൊണ്ടാ ചോദിച്ചത്. അഥവാ അതു സത്യം ആണെങ്കിൽ അതു ഇപ്പോൾ തന്നെ അങ്ങ് ഉപേക്ഷിക്കുന്നതാ നിനക്കു നല്ലത്. ഇല്ലെങ്കിൽ പിന്നെ അതോർത്തു ദുഖിക്കേണ്ടി വരും ” അതും പറഞ്ഞു ഓൻ തിരിച്ചു പോകാൻ തുടങ്ങി.

“ഒന്നവിടെ നിന്നെ, ഞാനും ഓനും തമ്മിലുള്ള ബന്ധം എന്താണെന്നുള്ളത് അവിടെ നിൽക്കട്ടെ. ഓൻ ചതിക്കും എന്ന് പറയാനുള്ള എന്ത് അവകാശമാണ് തനിക്കുള്ളത്. ദിവസങ്ങളുടെ പരിജയം മാത്രമേ ഉള്ളൂ എങ്കിലും എനിക്കറിയാം അവനെ നിന്നെ പോലെ ആരെയും ദ്രോഹിക്കാനൊന്നും അവനെകൊണ്ട് കഴിയില്ല. അങ്ങിനെ ഉള്ള ഒരാൾ അല്ല അവൻ” നമ്മൾ ഓനോട്‌ കലിപ്പിൽ പറഞ്ഞു.

“കാര്യമറിയാതെ ചുമ്മാ വാചകമടിക്കാൻ നിൽക്കണ്ട നീ. അവൾക് അവനെ അറിയാം പോലും എന്തറിയാമെന്ന്, അവൻ വേണ്ടന്നുവച്ച ഒരുത്തിയുടെ വേദനമുഴുവൻ നേരിട്ട് കണ്ടവനാ ഈ ഞാൻ. അതിലും വലിയ തെളിവൊന്നും വേണ്ടല്ലോ അവനെ മനസ്സിലാവാൻ.അതുകൊണ്ട് വിശ്വസിക്കുമെങ്കിൽ വിശ്വസിച്ചോ അല്ലെങ്കിൽ നിനക്കു തോന്നിയത് ചെയ്തോ “ഇതു പറയുമ്പോൾ അവന്റെ മുഖമൊക്കെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു.

ഇതൊക്കെ കേട്ടിട്ട് എനിക്ക് ആകെ വട്ടാവുന്നത് പോലെ തോന്നി. ഞാൻ അറിഞ്ഞ ഷെഫിനിക്ക ഒരിക്കലും അത്തരക്കാരൻ അല്ല. അജുവും കള്ളം പറഞ്ഞത് ആവാൻ വഴിയില്ല . കാരണം അത്രയും ഫീലായിട്ട ഓൻ എന്നോട് പറഞ്ഞത്. എന്തിനായിരിക്കും ഇക്ക ഒരുവളെ ചതിച്ചത്. ഇക്കാക്ക് അത്രക്ക് ക്രൂരൻ ആവാൻ കഴിയുമോ. ഞാൻ അറിയാത്ത എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. എന്റെ മനസ്സിൽ ഒത്തിരി ചോദ്യങ്ങൾ ഉയർന്നു കൊണ്ടിരുന്നു. ഒരു പക്ഷെ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അജുവിന്റെ ഫ്രണ്ട്സിന് കഴിയുമായിരിക്കും അതു കൊണ്ട് ഞാൻ പെട്ടന്ന് അവരുടെ അടുത്തേക്ക് പോയി.

ഞാൻ എന്റെ സംശയങ്ങൾ ഒക്കെ അവരോടു ചോദിച്ചു. അവർ പറഞ്ഞു തരാമെന്ന് പറഞ്ഞു. ഇതിനുള്ള ഉത്തരമൊക്കെ കിട്ടണമെങ്കിൽ നീയാദ്യം അവളെ കുറിച്ച് അറിയണം.ഷെഫിന്റെ പെങ്ങളെ കുറിച്ച്, ഷെൻസാ മെഹക് എന്ന ഞങ്ങളുടെ ഷെന്നുവിനെ കുറിച്ച്……. രണ്ടു വർഷങ്ങൾക്ക് മുമ്പ്…. ——————————— “വിട്ടുകള ഷെന്നൂ ഒന്നും പറ്റിയില്ലല്ലോ വാ നമുക്ക് പോകാം”ഷെഫിൻ ഷെന്നുവിനെ തോണ്ടികൊണ്ട് പതുക്കെ പറഞ്ഞു.

“കാക്കു ഒന്ന് മിണ്ടാതിരുന്നേ ഒന്നും സംഭവിച്ചില്ല എന്നു കരുതി മിണ്ടാതെ ഇരുന്നാൽ വീണ്ടും ഇവൻ ഇതുതന്നെ ആവർത്തിക്കും “എന്നും പറഞ്ഞു ഓനെ ശാസിച്ചു ഓള് പിന്നേം മറ്റവനോട് ചൂടാവാൻ തുടങ്ങി. സംഭവം വല്ലതും മനസ്സിലായോ… കോളേജിലേക്ക് പോകാൻ വേണ്ടി ബൈക്കിൽ ഇറങ്ങിയതാണ് ഷെഫിനും ഷെന്നുവും. വഴിയിൽവെച്ച് ഓവർ സ്പീഡിൽ വന്ന ഒരു കാറ് അവരുടെ ബൈക്കിനെ തട്ടാൻ നോക്കി തട്ടുന്നതിന് മുന്നേ അവൻ ബൈക്ക് വെട്ടിച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി.

എങ്കിലും അവനെ വെറുതെ വിടാൻ ഷെന്നു സമ്മതിച്ചില്ല. പോട്ടെ വിട്ടു കള എന്ന് ഷെഫിൻ ഒരുപാട് തവണ പറഞ്ഞെങ്കിലും അവൾ അവനെ കൊണ്ട് ആ കാറുകാരന്റെ പിന്നാലെ പോയി വണ്ടി നിർത്തിച് അവരെ തള്ളിയിട്ടെന്നും പറഞ്ഞു ആൾക്കാരെയും വിളിച്ചുകൂട്ടി പ്രശ്നമുണ്ടാക്കുന്ന രംഗമാണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ” വീഴ്ചയിൽ എന്റെ ദേഹം മുഴുവൻ ചതവ് പറ്റിയിട്ടുണ്ടെന്നാ തോന്നുന്നത് അതുകൊണ്ട് എന്തായാലും ഒരു എംആർഐ സ്കാനിങ് എങ്കിലും എടുക്കണം അതിനുള്ള കാശ് താൻ തന്നെ തരണം”അവൾ കാറുകാരനോട് ദേഷ്യത്തോടെ പറഞ്ഞു.

“അതിനു വീണില്ലല്ലോ’ വീഴാൻ പോയല്ലേ ഉള്ളൂ അതിന് എങ്ങനെയാ ചതവ് ഉണ്ടാവുന്നത്” അവനും വിട്ടു കൊടുത്തില്ല. ” തന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ താൻ വണ്ടി നിർത്തി എന്താ സംഭവിച്ചത് എന്നൊക്കെ നോക്കിയിട്ടാ പോന്നത് എന്ന്. തള്ളിയിട്ട് നിർത്താതെ പോന്നതും പോരാ ഇപ്പോൾ ഡയലോഗ് അടിക്കുന്നോ ” “ടോ … വാചകമടിക്കാണ്ട് കാശ് കൊടുക്കടോ. കണ്ണും മൂക്കും ഇല്ലാതെ വണ്ടി ഓടിച്ചതും പോര എന്നിട്ടിപ്പോ ഓരോ ന്യായം പറയുകയും ചെയ്യുന്നു”

“ഇയാൾ എപ്പോഴും ഇങ്ങനെ തന്നെയാ വണ്ടി ഓടിക്കുന്നത് ഞാനും കണ്ടിട്ടുണ്ട് പലതവണ” ” ഇയാള് കാശു കൊടുക്കുന്നോ അല്ലേൽ ഞങ്ങൾ പോലീസിനെ വിളിക്കണോ” കൂടി നിന്നവരും അവളുടെ ഭാഗത്തുനിന്ന് സംസാരിച്ചതോടെ അവൻ കാശ് കൊടുത്തു അവളെയും തുറുക്കനെ നോക്കിക്കൊണ്ട് കാറിൽ കയറിപ്പോയി. അവളും അവിടെ കൂടി നിന്നവരോടൊക്കെ യാത്ര പറഞ്‌ ഷെഫിനിന്റെ കൂടെ ബൈക്കിൽ കയറി കോളേജിലേക്ക് വിട്ടു. ” ഡീ ആ കാശ് ഇങ് തന്നേക്ക് കുറച്ചു ദിവസത്തേക്ക് പെട്രോളടിക്കാൻ ഉള്ളതായി” ഷെഫിൻ ഓളോട് ചിരിച്ചുകൊണ്ട് പറഞ്ഞു .

“പിന്നെ… എന്റെ മോന് പെട്രോൾ അടിക്കാനല്ലേ ഞാൻ കാശു വാങ്ങിച്ചത് അതിനൊക്കെയുള്ളതേ മോൻ തന്നെത്താൻ ഉണ്ടാക്കിയാൽ മതി. ഇത് നമ്മക്ക് ചെലവിനു വേണ്ടി വാങ്ങിച്ചതൊന്നുമല്ല ഒരാൾ ഒരു തെറ്റ് ചെയ്തിട്ട് ഒരു ശിക്ഷയും കിട്ടിയില്ലെങ്കിൽ അത് വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടേയിരിക്കും അത് തടയാൻ വേണ്ടിയിട്ടാ ഞാൻ അങ്ങനെയൊക്കെ ചെയ്തത് അല്ലാതെ അയാളുടെ കാശുകൊണ്ട് ചെലവ് കഴിയാൻ ഒന്നുമല്ല. പിന്നെ ഇത് എന്ത് ചെയ്യണം എന്നുള്ളത് ഇത് യത്തീം മക്കൾക്ക് കൊടുക്കുമെ ന്ന് ഞാൻ അപ്പൊ തന്നെ നേർന്നു”

“കയ്യിൽ അഞ്ചു പൈസ ഇല്ലെങ്കിലും എവിടുന്നേലും കുറച്ചു പൈസ കിട്ടിയാൽ അവൾ അപ്പോൾ തന്നെ നേർച്ച നേർന്നിടും, എന്നാൽ നിനക്കും കുടുംബത്തിനും വേണ്ടി കഷ്ടപ്പെടുന്ന കാക്കൂന് കൊടുക്കണം എന്ന് ഒരു തവണയെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ “മുഖത്ത് വ്യാജ ദേഷ്യം കാട്ടി ഓളോട് ചോദിച്ചു. എന്റെ പൊന്നു കാക്കൂസ് അപ്പോഴേക്കും പിണങ്ങിയോ, പൈസ തരുന്നില്ലെങ്കിൽ എന്താ നിങ്ങൾക്ക് നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാവാവാനും, പഠിത്തം കഴിഞ്ഞ് ഉടനെ നല്ലൊരു ജോലി കിട്ടണമെന്നും ഞാൻ എന്നും പടച്ചോനോട് ദുആ ചെയ്യുന്നുണ്ട് അത് പോരേ അതല്ലേ ഏറ്റവും വലിയ സഹായം. നിങ്ങൾ നോക്കിക്കോ നമ്മുടെ കഷ്ടപ്പാട് ഒക്കെ മാറും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ സുഖമായിട്ട് ജീവിക്കും” അവൾ പ്രതീക്ഷയോടെ പറഞ്ഞു.

” പിന്നെ ഷെന്നൂ എനിക്ക് നിന്നോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. നിന്റെ ഈ തല്ലുകൊള്ളി സ്വഭാവം നീ ദയവുചെയ്ത് കോളേജിൽ നിന്ന് പുറത്ത് എടുക്കരുത്. ചിലതൊക്കെ നമ്മൾ കണ്ടില്ല കേട്ടില്ല എന്നൊക്കെ വയ്ക്കേണ്ടിവരും കാശിന്റെ ഹുങ്കിൽ ജീവിക്കുന്നവരാണ് അവിടെ ഉള്ളവരൊക്കെ അവരോട് ഒന്നും മത്സരിക്കാനുള്ള ശേഷി നമുക്ക് ഇല്ല എന്ന് എപ്പോഴും ഓർമ്മ വേണം” അവൻ അവളെ ഉപദേശിക്കാൻ തുടങ്ങി. ” ഇതൊക്കെ ഓർത്ത് പ്രതികരിക്കാതെ കാക്കുനെ പോലെ ജീവിക്കാൻ ഈ ഷെന്നുവിനെ കിട്ടില്ല എന്നെക്കൊണ്ട് തിരുത്താൻ പറ്റുന്നതൊക്കെ ഞാൻ തിരുത്തും. പിന്നെ കാക്കു കരുതുന്ന പോലെ പണം കൂടെയുള്ളവരല്ല സത്യം കൂടെ ഉള്ളവരാണ് എന്നും ജയിക്കുന്നത്” അങ്ങിനെ ഓരോന്ന് പറഞ്ഞ് അവർ കോളേജിലെത്തി.

ഷെന്നുവിന്റെ ആദ്യത്തെ ദിവസമാണ് ഇന്ന് കോളേജിൽ. ബൈക്കിൽ നിന്നിറങ്ങി ക്ലാസിലേക്ക് പോകുമ്പോൾ ഗ്രൗണ്ടിൽ നിന്നും ആ കാഴ്ച കണ്ട് അവൾക്ക് ദേഷ്യം എരിഞ്ഞു കയറാൻ തുടങ്ങി. ഒരുത്തൻ ഉണ്ട് ഒരു പെണ്ണിന്റെ കൈ പിടിച്ചു വച്ചിരിക്കുന്നു, അവന്റെ കൂടെ കുറച്ചു പേരും ഉണ്ട്. ആ പെണ്ണ് കൈ വിടുവിക്കാൻ ആവുന്നത് പോലെ ശ്രമിക്കുന്നുണ്ട് എങ്കിലും അവൾക്ക് കഴിയുന്നില്ല. അവിടുന്നും ഇവിടുന്നും ആയി ഓരോരുത്തർ ഇതൊക്കെ കാണുന്നുണ്ടെങ്കിലും ആരും അവളെ രക്ഷിക്കാൻ ശ്രമിക്കുന്നില്ല.

ആ പെണ്ണണേൽ എന്തുചെയ്യണമെന്നറിയാതെ കരയുന്നുമുണ്ട്. അവൾ പെട്ടെന്ന് അങ്ങോട്ടേക്ക് പോയി അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു. പ്രതീക്ഷിക്കാതെ കിട്ടിയ അടി ആയതുകൊണ്ട് അവൻ ഒന്ന് പകച്ചിട്ടുണ്ട്. ആ പെണ്ണിനെ പിടിച്ച കൈ വിട്ടു അവൻ ദേഷ്യത്തോടെ അവൾക്ക് നേരെ വരാൻ തുടങ്ങി. ” നാണമില്ലല്ലോ റാഗിങ്ങിന്റെ പേരും പറഞ്ഞു പെൺകുട്ടികളോട് അപമര്യാദയായിട്ട് പെരുമാറാൻ ” അവൾ അവന് നേരെ ചീറി. അത് വരെ ദേഷ്യപ്പെട്ടവൻ അവളെ നോക്കി പുച്ഛത്തോടെ ചിരിക്കാൻ തുടങ്ങി.

” മോൾ ഇക്കാനെ നാണം പഠിപ്പിക്കാൻ വന്നതാണൊ നീ പറഞ്ഞത് ശരിയാ എനിക്ക് ഇച്ചിരി നാണവും മാനവും കുറവാണ് നീ പഠിപ്പിച്ചു തരുമോ എനിക്ക്”എന്നും പറഞ്ഞു ഒരുതരം വൃത്തികെട്ട ചിരിയോടെ അവൻ പറഞ്ഞു. ” അനാവശ്യം പറഞ്ഞാലുണ്ടല്ലോ നിന്റെ വൃത്തികെട്ട നാക്ക് പിഴുതെറിയും ഞാൻ”അവന്റെ നോട്ടവും സംസാരവും ഒക്കെ കണ്ടു ഉള്ളിൽ പേടിയുണ്ടെങ്കിലും അവൾ അവനുനേരെ അലറി.

” അതിനു ധൈര്യം ഉണ്ടോ നിനക്ക് എങ്കിൽ ചെയ്യടീ… ദേ എന്റെ നാവ് പിഴുതെറിയെടീ എന്നും പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് വരാൻ തുടങ്ങി അവൾ അതിനനുസരിച്ച് പിന്നിലേക്ക് പോകാനും. ഒടുവിൽ അവൾ ഒരു മരത്തിൽ ചെന്നു തട്ടിനിന്നു. അവൻ അവളെ രണ്ടു കയ്യും വച്ചു ലോക്ക് ചെയ്തു. അവന്റെ മുഖം അവളുടെ അടുത്തേക്ക് അടുപ്പിക്കാൻ തുടങ്ങി . അവൾ അവൾക് കഴിയുന്നത് പോലെ കൈ എടുത്തു മാറ്റാൻ നോക്കിയിലെങ്കിലും കഴിഞില്ല. അവൾ ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി.

പെട്ടന്ന് ആരുടെയോ ശക്തമായ ചവിട്ടിൽ അവൻ ഒരു ഭാഗത്തേക്ക് തെറിച്ചുവീണു. ജീവൻ തിരിച്ചുകിട്ടിയ ഫീലിംഗ് ആയിരുന്നു അവൾക്കപ്പോൾ. അവൾ ചവിട്ടിയ ആളെ നോക്കിയപ്പോൾ ഒരു മൊഞ്ചൻ ചെറുക്കനുണ്ട്‌ ഓനെ കൊല്ലാനുള്ള ദേഷ്യത്തിൽ തുറുക്കനെ നോക്കുന്നു. അവൻ വേഗം വീണുകിടക്കുന്ന ആ വൃത്തികെട്ടവൻ അടുത്തേക്ക് ചെന്ന് അവന്റെ കോളറയിൽ പിടിച്ച് അവനെ എണീപ്പിച്ചു തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. അതുകൊണ്ട് അവൾക്ക് ഒരുപാട് സന്തോഷമായി. തല്ലി മടുത്തപ്പോൾ അവന്റെ കാലു മടക്കി വയറ്റത്ത് ഒരു ചവിട്ടും കൊടുത്തു അവനെ പിന്നിലോട്ട് തള്ളിയിട്ടു.

ഇതിനിടയിൽ ആ വൃത്തികെട്ടവന്റെ കൂടെയുള്ളവരെ മൊഞ്ചന്റെ കൂടെ വന്നവർ കൈകാര്യം ചെയ്തിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ അവൻ അവരെ നോക്കി ഒരു ഡയലോകും കാച്ചി… “ഇനി ഏതെങ്കിലും പെണ്ണിന്റെ അടുത്ത് നിന്റെ വൃത്തികെട്ട കളികളുമായി വന്നാൽ ഉണ്ടല്ലോ മോനേ ഫായിസേ.. നിന്റെ വീട്ടുകാർക്ക് പെറുക്കി എടുക്കാൻ നിന്റെ എല്ല് പോലും കിട്ടിയെന്ന് വരില്ല. കേട്ടോടാ പുന്നാര മോനെ.. എന്നും പറഞ്ഞ് അവനെ നോക്കി വിരൽചൂണ്ടി വാണിംഗ് കൊടുത്തുകൊണ്ട് സ്ലോമോഷനിൽ നടന്നു അവളുടെ അടുത്തേക്ക് വന്നു.

പിന്നാലെ അവന്റെ വാലുകളും ഉണ്ട്. ” ഫസ്റ്റ് ഇയർ ആണോ ഇവിടെയൊന്നും കണ്ടതായി ഓർക്കുന്നില്ല” അവളെ കടുപ്പിച്ച് നോക്കിക്കൊണ്ട് അവൻ ചോദിച്ചു. ഇവിടുള്ള സകല പെൺപിള്ളേരെയും തനിക്ക് അറിയോ (ആത്മ). ” അതെ”,അവൾ ഉള്ളിൽ പിറുപിറുത്തുകൊണ്ട് പറഞ്ഞു. “എന്നിട്ടാണോ ഇത്ര തന്റേടം… അതെ എനിക്ക് ഇയാൾക്ക് ഒരു ഉപദേശം തരാനുണ്ട്. ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് എതിർക്കാനുള്ള ശക്തി സ്വയം ഉണ്ടോ എന്ന് നോക്കണം അല്ലാതെ ഒരു പ്രശ്നത്തിലും കേറി ഇടപെടാൻ പാടില്ല.

ഇടപെട്ടാൽ ദുഃഖിക്കേണ്ടിവരും. ഒരു പെണ്ണാണ് എന്നുള്ള കാര്യം എപ്പോഴും ഓർമ്മ വേണം. മനസ്സിലായോ “അവൻ പുച്ഛത്തോടെ പറഞ്ഞു. “എന്നിട്ട് ആ പെണ്ണിനെ രക്ഷിക്കാൻ ആണായിട്ടുള്ള ഒരുത്തനെയും കണ്ടില്ലല്ലോ ആ സമയം . അതെ ആരെങ്കിലും അപകടത്തിൽപെട്ടത് കണ്ടാൽ അപ്പോൾ തന്നെ രക്ഷിച്ചേക്കണം കാരണം നമ്മൾ ഒരാളെ സംരക്ഷിച്ചാൽ നമ്മളെ രക്ഷിക്കാനും പടച്ചോൻ ആളെ അയയ്ക്കും ഇപ്പോ തന്നെ അയച്ചത് പോലെ” അവൾ അവനെ കളിയാക്കി കൊണ്ട് പറഞ്ഞു.

അവനെ കളിയാക്കിപറഞ്ഞത് ആണെങ്കിലും അവൾ പറഞ്ഞതൊക്കെ അവനും ഇഷ്ടമായിരുന്നു. ഇന്നുവരെ ഒരു പെണ്ണിനോടും തോന്നാത്ത എന്തൊക്കെയോ അവന് അവളോട് തോന്നി തുടങ്ങിയിരുന്നു. കണ്ട മാത്രയിൽ അവളുടെ സൗന്ദര്യവും തന്റേടവും സംസാരവും ഒക്കെ അവനെ വളരെയധികം ആകർഷിച്ചിട്ടുണ്ടായിരുന്നു. അപ്പോഴേക്കും ഫായിസും അവളും ആയിട്ട് പ്രശ്നമുണ്ടാക്കുന്നത് ആരോ പറഞ്ഞു കേട്ട് ഷെഫിൻ അവിടേക്ക് വന്നു. “എന്താ പ്രോബ്ലം “അവൻ വെപ്രാളത്തോടെ അവളോട്‌ ചോദിച്ചു.

അവൾ നടന്നതൊക്കെ അവനോട് പറഞ്ഞു കൊടുത്തു. അവനാണെങ്കിൽ അപ്പോൾ തന്നെ അവളെ ഉപദേശിക്കാനും തുടങ്ങി. ഇതൊക്കെ കേട്ട് അജുവും ഫ്രണ്ട്സും ചിരിക്കാൻ തുടങ്ങി.അപ്പോഴാണ് അവൻ അവരെ ശ്രദ്ധിച്ചത്. “താങ്ക്യൂ… നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ എനിക്ക് ആലോചിക്കാൻ കൂടി വയ്യ. എന്തും ചെയ്യാൻ മടിയില്ലാത്ത വനാ ഫായിസ് ” അവൻ അവരോട് നന്ദി പറഞ്ഞു. അജുവിനെയും ഫ്രണ്ട്സിനെയും അവൾക്കും അവളെ അവർക്കും പരിചയപ്പെടുത്തി കൊടുത്തു. ബെസ്റ്റ് ഫ്രണ്ട്സ് ഒന്നും അല്ലെങ്കിലും ക്ലാസ്മേറ്റ്സ് തമ്മിലുള്ള സൗഹൃദം അവർക്കിടയിൽ നിലനിന്നിരുന്നു.

” എന്തായാലും കൊള്ളാം പൂച്ചക്കുട്ടിയെ പോലത്തെ ഷെഫിന് പുലികുട്ടിയായ ഒരു പെങ്ങൾ വിശ്വസിക്കാൻ പറ്റുന്നില്ല” യാസീൻ ഷെഫിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു. പിന്നെ അവരോട് കുറച്ചു നേരം സംസാരിച്ചതിന് ശേഷം അവൾ ക്ലാസ്സിലേക്ക് പോയി ക്ലാസിൽ ഇരിക്കുമ്പോൾ ഒക്കെ അജുവിന്റെ ചിന്ത അവളെ കുറിച്ച് മാത്രമായിരുന്നു. പിന്നീട് ബ്രേക്ക് ടൈമിൽ അവന്റെ ഫ്രണ്ട്സ് ഒക്കെ സംസാരിച്ചത് മുഴുവൻ അവളെ കുറിച്ചായിരുന്നു അപ്പോൾ അവൻ ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

ഈ സമയത്ത് രണ്ട് പെൺകുട്ടികൾ അവരുടെ അടുത്തേക്ക് വന്നു. ” രാവിലെ ഇക്കാക്കമാർ കലക്കി കേട്ടോ” കൂട്ടത്തിൽ ഒരുത്തി അവരോട് പറഞ്ഞു പിന്നെയും അവൾ അവരോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പറയുന്നത് അവരോട് ആയിരുന്നെങ്കിലും അവളുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് അജുവിലേക്ക് മാറുന്നുണ്ടായിരുന്നു. എന്നാൽ അവൻ അത് മൈൻഡ് ചെയ്യാതെ മറ്റൊരു ഭാഗത്തേക്ക് നോക്കി ഇരുന്നു. ” നിങ്ങളുടെ പേരെന്താന്നു പറഞ്ഞില്ലല്ലോ” അൻഷി അവരോട് ചോദിച്ചു.

“ഞാൻ നാദിയ ഇവൾ സിയാ “ഇതുവരെ അവരോട്‌ സംസാരിച്ചവൾ തന്നെയാണ് വീണ്ടും സംസാരിക്കുന്നത്. “ഇവൾ എന്താ ഊമയാണോ “ഷിനു അവരോടു ചോദിച്ചു. “അല്ല” ഇത്തവണ മറ്റവൾ ആണു പറഞ്ഞത്. “എന്നാപ്പിന്നെ രണ്ടാളും കൂടി ഒരു പാട്ട് പാടിക്കേ” യാസീൻ പറഞ്ഞു. ആദ്യം ഒഴിവാകാൻ നോക്കിയെങ്കിലും അവർ സീരിയസ് ആയിട്ട് പറഞ്ഞപ്പോൾ അവർ പാടി. നാദി അത്യാവശ്യം പാടുന്ന കൂട്ടത്തിൽ ആയതു കൊണ്ട് അവൾ തരക്കേടില്ലാതെ പാടി സിയാ അവൾക്കൊപ്പം ഒന്നും ചുണ്ടനക്കുക മാത്രം ചെയ്തു.

പിന്നെ അധികനേരം അവിടെ നിൽക്കാതെ അവർ പെട്ടെന്ന് അവിടുന്ന് സ്കൂട്ട് ആയി. “അവളുടെ മറ്റവനോട് സംസാരിക്കാൻ ഉള്ള കൊതിയും കൊണ്ട് നല്ല എട്ടിന്റെ പണി കിട്ടുകയും ചെയ്തു. അവനാണേൽ ഒരക്ഷരം മിണ്ടിയത് പോലുമില്ലതാനും “സിയാ നാദിയോട് ചൂടായി. അതിന് മറുപടിയെന്നോണം അവൾ സിയയെ നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു. “നീ കണ്ടോടി അവൻ ഇന്ന് മൈൻഡ് ചെയ്യാത്തതൊന്നും കാര്യമാക്കണ്ട. അധികം വൈകാതെ അവനെ കൊണ്ട് എന്നെ ഇഷ്ടമാണെന്ന് പറയിക്കും ഞാൻ ”

” എടീ അതിന് നീ വേറെ വല്ലവരെയും നോക്കുന്നതാണ് നല്ലത്.എന്റെ ഇത്ത അവന്റെ ക്ലാസ്മേററ്റാണ് അവൾ പറഞ്ഞു കേട്ടിട്ടുണ്ട് ഈ കോളേജിൽ ഏകദേശം പെൺപിള്ളേരും അവന്റെ പിന്നാലെയാണെന്നും പക്ഷേ ഇതുവരെ അവൻ ഒന്നിനെ പോലും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും. അതുകൊണ്ട് അവന്റെ പിന്നാലെ നടന്നു ടൈം കളയാണ്ട് നീ വേറെ വല്ലവരെയും നോക്ക്. “എടീ ഇന്ന് രാവിലെ അവനെ കണ്ടമാത്രയിൽ അവൻ എന്റെ ഹൃദയം കീഴടക്കി.

അവനെന്റെ ആരൊക്കെയോ ആണെന്നുള്ള ഒരു തോന്നൽ പോലെ. എന്ത് വില കൊടുത്തിട്ടാണെങ്കിലും ശരി നേടിയിരിക്കും ഞാനവനെ”. അവൾ ഉറച്ച തീരുമാനത്തോടെ കൂടി പറഞ്ഞു ################## (ഷെഫിൻ ) ” എന്റെ നല്ലമോൾ അല്ലേ ഷെന്നൂ… നീ ഇന്ന് ബസ്സിൽ പൊക്കോ എനിക്ക് അത്യാവശ്യമായി ഒരാളെ കാണാനുണ്ട് അതുകൊണ്ടാണ് ” ഇവനിംഗ് വീട്ടിലേക്ക് പോവാൻ അവന്റടുത്ത വന്ന ഷെന്നുവിനോട് ഷെഫിൻ പറഞ്ഞു. “പ്ലീസ് കാക്കൂസ് എന്നേയും കൂടെ കൂട്ടെന്നെ എനിക്കൊന്നും വയ്യ ബസ്സിൽ തൂങ്ങിപിടിച്ചു പോവാൻ” എന്നും പറഞ്ഞ് അവൾ ചിണുങ്ങി.

” നിന്നെ വീട്ടിൽ വിട്ടിട്ട് വരുമ്പോഴേക്കും ആളെ മിസ്സാവും അതുകൊണ്ടാണെടീ . പ്ലീസ്”അവസാനം ബസ്സിൽ പോവാൻ മടിച്ചുനിന്ന അവളെ അവൻ ഒരു കൂട്ടുകാരിയുടെ കൂടെ നിർബന്ധിച്ച് പറഞ്ഞയച്ചു. അവൻ ബൈക്കിൽ കയറി നേരെ പോയത് തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂളിന് അടുത്തേക്കാണ്. സ്കൂളിന്റെ അടുത്തുള്ള ഇടവഴിയുടെ ഒരു ഭാഗത്തായി അവൻ ബൈക്ക് ഒതുക്കി നിർത്തി. അപ്പോൾ ഇടവഴിയുടെ മറുഭാഗത്ത് കൂടി അവന്റെ അടുത്തേക്ക് നടന്നു വരുന്ന ആളെ കണ്ടതും അവന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിടർന്നു വന്നു…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button