എല്ലാം ടോപ്പ് സീക്രട്ട്! പെർത്തിൽ ഇന്ത്യക്ക് രഹസ്യ പരിശീലന ക്യാമ്പ്; ഫോണിനും വിലക്ക്
പെർത്ത്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് മുന്നോടിയായി മനോഹരമായൊരു ടെസ്റ്റ് സീസണാണ് ടീം ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടമായ ബോർഡർ-ഗവാസ്‌കർ ട്രോഫി ഇന്ത്യനാരാധകരടെ നെഞ്ചിടിപ്പ് കൂട്ടുമെന്ന് ഉറപ്പാണ്. ടൂർണമെന്റിനായുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ന്യൂസിലൻഡിനോടേറ്റ ഞെട്ടിപ്പിക്കുന്ന തോൽവിയുടെ ആഘാതം കുറയ്ക്കാൻ ഓസ്ട്രേലിയയിൽ ഇന്ത്യൻ സംഘം തീവ്ര പരിശീലനത്തിലാണ്. പെർത്തിൽ ഇന്ത്യ രഹസ്യ പരിശീലന ക്യാമ്പ് നടത്തുന്നുവെന്ന വാർത്തയാണ് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പെർത്തിലെ WACA ഗ്രൗണ്ടിൽ ഇന്ത്യ രഹസ്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ടെ്ന്ന് ദി വെസ്റ്റ് ഓസ്ട്രേലിയൻ റിപ്പോർട്ട് ചെയ്യുന്നു.
https://x.com/trislavalette/status/1856234891937231240
WACA ഗ്രൗണ്ടിലേക്ക് ആരാധകർക്ക് പ്രവേശനമില്ലെന്നും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ. ഗ്രൗണ്ടിന് ചുറ്റുമുള്ള ഗ്രിൽ പൊതുജനങ്ങളിൽ നിന്നും മറച്ചിട്ടുണ്ട്. ആരാധകർക്ക് പുറമെ ഗ്രൗണ്ടിലെ ജീവനക്കാർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ടീം ഇന്ത്യയുടെ പരിശീലന സമയത്ത് ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. അതേസമയം, താരങ്ങളുടെ ശക്തിയും ദൗർബല്യവും മനസിലാക്കാൻ ടീം സിമുലേഷന് വിധേയമാകും. ഇന്ത്യൻ ടീമിന്റെ രഹസ്യ പരിശീലനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലാണ്.
ന്യൂസിലൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയതിന് ശേഷമാണ് ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പോയത്. ടെസ്റ്റിലെ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഭാവിയും ടീമിലെ സീനിയർ താരങ്ങളുടെ ഭാവിയും ഓസ്ട്രേലിയൻ പരമ്പരയെ ആശ്രയിച്ചിരിക്കും. വിമർശകരുടെ വായടപ്പിക്കാൻ ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല രോഹിത്തിനും സംഘത്തിനും.
ഈ മാസം 22-നാണ് ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ വേദി പെർത്താണ്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന രോഹിത് ശർമ്മ പെർത്തിലെ ആദ്യ ടെസ്റ്റിൽ പങ്കെടുക്കില്ലെന്നാണ് വിവരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് യോഗ്യത നേടണമെങ്കിൽ ടീം ഇന്ത്യ 4-0 പൂജ്യത്തിന് ജയിക്കണം.
ബോർഡർ -ഗവാസ്കർ ട്രോഫിക്കായുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), രവിചന്ദ്രൻ അശ്വിൻ, അഭിമന്യൂ ഈശ്വരൻ, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, വിരാട് കോലി, പ്രസിദ്ധ് കൃഷ്ണ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ) , കെ.എൽ. രാഹുൽ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡി, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ.
ട്രാവലിംഗ് റിസർവ്സ്: ഖലീൽ അഹമ്മദ്, നവ്ദീപ് സൈനി, മുകേഷ് കുമാർ.