വിമാനടിക്കറ്റിൽ തിരിമറിനടത്തിയ പ്രവാസി ജീവനക്കാരന് തടവും പിഴയും

വിമാനടിക്കറ്റിൽ തിരിമറിനടത്തിയ പ്രവാസി ജീവനക്കാരന് തടവും പിഴയും
കുവൈത്ത് സിറ്റി: കുവൈത്തിൽ വിമാന ടിക്കറ്റിലെ യാത്ര തിയ്യതിയിൽ തിരിമറി നടത്തി പതിനെട്ടായിരം ദിനാർ തട്ടിപ്പ് നടത്തിയ പ്രവാസിക്ക് അമ്പത്തി ആറായിരം ദിനാർ പിഴയും ഏഴ് വർഷം കഠിനതടവും വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രമുഖ വിമാനക്കമ്പനിയുടെ ടിക്കറ്റ് സെയിൽസ് ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. യാത്രക്കാരുടെ ടിക്കറ്റിൽ യാത്രാ തിയ്യതി മാറ്റുന്നതിന് ഈടാക്കിയിരുന്ന അധിക നിരക്ക് കമ്പനിക്ക് നൽകാതെ സ്വന്തം കീശയിലാക്കി എന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. അഞ്ച് വർഷങ്ങൾക്കിടയിൽ വിവിധ വിവിധ കാലയള വിലാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ വിചാരണ വേളയിൽ കുറ്റാരോപണം നിഷേധിച്ച ഇയാൾക്ക് എതിരെ പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഹാജറാക്കിയതിനെ തുടർന്നാണ് കുറ്റം തെളിഞ്ഞത്. തടവ്, പിഴ ശിക്ഷ കൾക്ക് പുറമെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും കോടതി വിധിയിൽ ആവശ്യപ്പെട്ടു.

Tags

Share this story