പൊട്ടിത്തെറിയും അമ്പരപ്പും: പിന്നാലെ നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം

ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നത്. യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തീ പടർന്നുവെന്നുമാണ് വിവരം. അപ്രതീക്ഷിതമായി സംഭവിച്ച പൊട്ടിത്തെറിയിൽ വിറങ്ങലിച്ചുപോയ ആദ്യ നിമിഷങ്ങൾ. പിന്നാലെ പൊടുന്നനെ നടത്തിയ രക്ഷാപ്രവർത്തനം. സമാനതകളില്ലാത്ത രംഗങ്ങളാണ് മെഡിക്കൽ കോളേജ് പരിസരം സാക്ഷ്യം വഹിച്ചത്
പുക പടർന്നതോടെ രോഗികൾക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളോട് മുഴുവൻ പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ട ജീവനക്കാർ ഓരോ രോഗിയെയും ശ്രദ്ധയോടെ പുറത്തിറക്കിയിരുന്നു. അപ്പോഴേക്കും പോലീസും ഫയർ ഫോഴ്‌സും എത്തി. നഗരത്തിലെ ആശുപത്രികളിൽ അടിയന്തരമായി ഐസിയു അടക്കമുള്ള സംവിധാനങ്ങളും ഒരുക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന നൂറുകണക്കിന് ആംബുലൻസുകൾ മെഡിക്കൽ കോളേജിലേക്ക് പാഞ്ഞുവന്നു.
ജീവനക്കാരും നാട്ടുകാരും ചേർന്ന് രോഗികളെ ഓരോരുത്തരായി ആംബുലൻസിൽ കയറ്റി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഇഖ്‌റ, മെയ്ത്ര, ബേബി മെമ്മോറിയൽ, കോട്ടപ്പറമ്പ്, സഹകരണ ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്.
രാത്രി 7.45 മുതൽ 10.20 വരെ മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന രക്ഷാദൗത്യത്തിൽ ആശുപത്രി ജീവനക്കാർ, പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം, ആംബുലൻസ്, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചു.