
പെൻസിൽവേനിയ: യു.എസ്. സ്റ്റീലിന്റെ പെൻസിൽവേനിയയിലെ ക്ലെയിർട്ടൺ കോക്ക് വർക്ക്‌സ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പ്ലാന്റിലെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് വൻ സ്ഫോടനമുണ്ടായത്. സംഭവം നടന്ന ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തി. നിരവധി ആംബുലൻസുകളും മെഡിക്കൽ ഹെലികോപ്റ്ററുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന്, പ്ലാന്റിന് ഒരു മൈൽ ചുറ്റളവിൽ താമസിക്കുന്ന ആളുകൾ വീടിനുള്ളിൽത്തന്നെ കഴിയാനും ജനലുകളും വാതിലുകളും അടച്ചിടാനും അധികൃതർ നിർദ്ദേശം നൽകി. വായുവിന്റെ ഗുണനിലവാരം നിരീക്ഷിച്ചുവരികയാണെന്ന് അലെഗെനി കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
യുഎസ് സ്റ്റീലിന്റെ ഏറ്റവും വലിയ കോക്ക് നിർമ്മാണ കേന്ദ്രങ്ങളിലൊന്നാണ് ക്ലെയിർട്ടൺ കോക്ക് വർക്ക്സ് പ്ലാന്റ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.