Kerala
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്: എംസി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും ഇഡി കസ്റ്റഡിയിൽ വിട്ടു

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാക്കളായ എം സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയിൽ. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയാണ് ഇരുവരെയും രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. തെളിവ് ശേഖരണത്തിന് വേണ്ടി ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു
കേസുമായി ബന്ധപ്പെട്ട് കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കൂടുതൽ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. അതേസമയം രണ്ട് പേരും നാളെ കോടതിയിൽ ജാമ്യാപേക്ഷ നൽകും. തിങ്കളാഴ്ചയാണ് ഇരുവരെയും ഇഡി അറസ്റ്റ് ചെയ്തത്
പ്രതികളുടെ 20 കോടിയോളം വരുന്ന വസ്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ വിവിധ ശാഖകൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ തുടങ്ങിയ ശേഷം നിക്ഷേപകരെ കബളിപ്പിച്ചെന്നാണ് കേസ്