കാലിഫോര്‍ണിയയില്‍ കത്തിപ്പടര്‍ന്ന് കാട്ടുതീ; മരണം പത്തായി
Jan 10, 2025, 17:41 IST
                                             
                                                
അമേരിക്കയിലെ ലോസ് ആഞ്ചലൈസിലും തെക്കന്‍ കാലിഫോര്‍ണിയയിലും കാട്ടുതീ കത്തിപ്പടരുന്നു. ചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീയില്‍ ഇതുവരെ പത്ത് പേരുടെ മരണം റിപോര്‍ട്ട് ചെയ്തു. തെക്കന്‍ കാലിഫോര്‍ണിയയെ കറുത്ത പുകയിലാഴ്ത്തി കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ സിനിമകളുടെ കേന്ദ്രമായ ഹോളിവുഡും ഇതുവരെ നിയന്ത്രിക്കാനാകാത്ത കാട്ടുതീയുടെ പിടിയിലമര്‍ന്നു കഴിഞ്ഞു. ചൊവാഴ്ച ഹോളിവുഡിലെ ഒരു വീടിന് പിന്നില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട തീ നിമിഷ നേരത്തിനുള്ളില്‍ പടരുകയായിരുന്നു. ജനുവരി ഒമ്പത് വരെ മാത്രം പത്ത് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരെല്ലാം കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
                                            
                                            