ലഹരിവിരുദ്ധതയുടെ പേരിലെ കൂട്ടക്കുരുതി; ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് അറസ്റ്റിൽ

രാജ്യാന്തര ക്രിമിനൽ കോടതി വാറണ്ട് പുറപ്പെടുവിച്ച ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോംഗിൽ നിന്ന് എത്തിയതിന് പിന്നാലെയാണ് മനില വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. ലഹരിമരുന്നിന് എതിരായ യുദ്ധത്തിന്റെ പേരിൽ ആയിരക്കണക്കിന് ഫിലിപ്പീനികളെ കൊലപ്പെടുത്തിയതിൽ ഡ്യൂട്ടെർട്ടിന്റെ പങ്ക് അന്വേഷിക്കുമെന്ന് രാജ്യാന്തര ക്രിമിനൽ കോടതി പറഞ്ഞിരുന്നു
രാജ്യാന്തര കോടതി വാറണ്ട് പുറപ്പെടുവിക്കുകയാണെങ്കിൽ കസ്റ്റഡിയിൽ പോകാൻ തയ്യാറാണെന്ന് റോഡ്രീഗോ നേരത്തെ പറഞ്ഞിരുന്നു. നിലവിൽ അദ്ദേഹം പോലീസ് കസ്റ്റഡിയിലാണ്. എന്നാൽ ഡ്യൂട്ടെടർട്ടിനെ നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്‌തെന്നും അഭിഭാഷകരെ പോലും കാണാൻ അനുവദിച്ചില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് ആരോപിച്ചു
കൊലപാതകങ്ങളെ കുറിച്ച് രാജ്യാന്തര കോടതി അന്വേഷണം ആരംഭിച്ചതോടെ ഫിലിപ്പീൻസിനെ രാജ്യാന്തര കോടതിയിൽ നിന്ന് 2019ൽ റോഡ്രീഗോ പിൻവലിച്ചിരുന്നു. ഇതുവരെ കോടതിയുടെ അന്വേഷണത്തോട് സഹകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടവരെന്ന് സംശയിച്ച് 6200ഓളം പേരെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കണക്ക്.