ഗോകുലം ഗോപാലന് വീണ്ടും ഇ ഡിയുടെ നോട്ടീസ്; 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം

വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡിയുടെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ചാണ് നോട്ടീസ്. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി പറയുന്നു. ഇന്നലെ കൊച്ചി ഓഫീസിൽ വെച്ച് ഗോകുലം ഗോപാലനെ ആറ് മണിക്കൂറോളം നേരം ഇഡി ചോദ്യം ചെയ്തിരുന്നു
കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595 കോടിയുടെ ഫെമ ചട്ടലംഘനം നടന്നതായി ഇഡി പറയുന്നു. കൂടുതൽ തുകയിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്
വിദേശത്ത് നിന്ന് ചട്ടം ലംഘിച്ചെത്തിയ പണം എന്ത് ആവശ്യത്തിന് ഗോകുലം ഗ്രൂപ്പ് ഇവിടെ ചെലവഴിച്ചു എന്നതാണ് ഇഡിയുടെ പരിശോധന. എമ്പുരാൻ സിനിമയിൽ ഗുജറാത്ത് കലാപം കാണിച്ചതിനെ തുടർന്ന് സംഘപരിവാർ സംഘടനകൾ സിനിമക്കെതിരെ രംഗത്തുവന്നതിന് പിന്നാലെയാണ് സിനിമയുടെ നിർമാതാവായ ഗോകുലം ഗോപാലിന് ഇഡി ഓഫീസിൽ കയറി ഇറങ്ങേണ്ടി വരുന്നത്.