
യുഎഇയിൽ സ്വർണവില കുതിച്ചുയരുന്നു. വെള്ളിയാഴ്ച ഒരു ഔൺസ് (28.3 ഗ്രാം) സ്വർണത്തിന് നിലവിൽ 3000 ഡോളറാണ് നൽകേണ്ടത്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 2,60,823 രൂപ വരും. യുഎഇയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയാണിത്. യുഎസ് താരിഫ് നയം സ്വർണവില വർധനയിൽ സാരമായ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടുമുള്ള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.
വാരാന്ത്യത്തിൽ സ്വർണം ഔൺസിന് 2986.65 ഡോളറിലായിരുന്നു ക്ലോസ് ചെയ്തത്. വിലയിൽ ഉണ്ടായത് 0.23 ശതമാനം വര്‍ധന. ഇന്ത്യന്‍ വിപണിയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ പോലും യുഎഇയിലെ വിലയിൽ കാര്യമായ വ്യത്യാസങ്ങളില്ല. വെള്ളിയാഴ്ചയാണ് ദുബായിൽ സ്വർണം എക്കാലത്തെയും ഉയർന്ന വിലയിലെത്തിയത്.
ദുബായിൽ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 360.75 ദിര്‍ഹമാണ്. ഇന്ത്യൻ കറൻസിയിൽ 8,539 രൂപ. 22 കാരറ്റ് സ്വര്‍ണത്തിന് 335.75 ദിര്‍ഹമാണ് ഗ്രാമിന് നൽകേണ്ടത്. ഇന്ത്യൻ കറൻസിയിൽ ഇത് 7,947.39 രൂപയാണ്. 21 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 322.0 ദിര്‍ഹവും (7,621.9 രൂപ)
18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 276.0 ദിര്‍ഹവുമാണ് (6,533 രൂപ).
ദുബായിൽ ഇന്ന് (മാർച്ച് 17) സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. ഇന്ന് ദുബായിൽ 24 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 359.50 ദിര്‍ഹമാണ്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 8,510 രൂപ). 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 334.50 ദിര്‍ഹം അഥവാ ഇന്ത്യൻ കറൻസിയിൽ 7,917.80 രൂപ നൽകണം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് നൽകേണ്ടത് 273.70 ദിര്‍ഹമാണ്. അതായത് 6,478.63 ഇന്ത്യന്‍ രൂപ.
കേരളത്തിലെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങളില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 65,680 രൂപയാണ്. കഴിഞ്ഞ ദിവസത്തെ വിലയായ 65,760 രൂപയിൽ നിന്ന് 80 രൂപ കുറവ്. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,210 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഇത് 8220 രൂപയായിരുന്നു.