Kerala
ഗുഡ്‌സ് ട്രെയിൻ അപകടം: തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു, രണ്ട് ട്രാക്കുകളിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങി

തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ഗുഡ്‌സ് ട്രെയിൻ അപകടത്തിന് പിന്നാലെ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. രണ്ട് ട്രാക്കുകളിലൂടെ ട്രെയിൻ ഗതാഗതം വീണ്ടും തുടങ്ങി. മൂന്ന്, നാല് ട്രാക്കുകളിലൂടെയാണ് ഇപ്പോൾ ട്രെയിൻ പോകുന്നത്. ചെന്നൈ സെൻട്രൽ-അറക്കോണം ലൈനിൽ എമു സർവീസ് പുനഃസ്ഥാപിച്ചു
ഇന്നലെ പുലർച്ചെ 5.30ഓടെയാണ് ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. ഡീസലുമായി പോകുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികൾ കത്തിനശിച്ചു. വലിയ രീതിയിൽ തീയും പുകയും ഉയർന്നതിനെ തുടർന്ന് രണ്ട് കിലോമീറ്റർ പരിസരത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
ഗുഡ്‌സ് ട്രെയിൻ തീപിടിച്ച് അപകടം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയത് അട്ടിമറിയാണോ എന്ന സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.