വിവാദങ്ങൾക്കിടെ ഷെറിന്റെ മോചനം മരവിപ്പിച്ച് സർക്കാർ; ഫയൽ ഗവർണർക്ക് കൈമാറിയില്ല

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് നൽകി വിട്ടയക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. ഷെറിനെ വിട്ടയക്കുന്നതിൽ ബാഹ്യസമ്മർദമുണ്ടായെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ ഇവർ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത കേസിൽ പ്രതിയായിരുന്നു. ഇതും തീരുമാനം മരവിപ്പിക്കാൻ കാരണമായി
ഷെറിന് അകാലവിടുതൽ നൽകാൻ ജനുവരിയിലാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും ഈ ഫയൽ ഗവർണർക്ക് അയച്ചിട്ടില്ല. ഷെറിനെ വിട്ടയക്കുന്നതിനെതിരെ ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഇതിൽ ഗവർണർ വിശദീകരണം ചോദിച്ചേക്കുമെന്ന സൂചനയും സർക്കാരിന് ലഭിച്ചു
മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിന് വിടാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയെങ്കിലും വിവാദങ്ങൾ ഉയർന്നതോടെ ഫയൽ മരവിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന ജയിൽ ഉപദേശക സമിതിയാണ് ഷെറിന്റെ മോചനത്തിന് ശുപാർശ നൽകിയത്.