സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ; എംകെ സ്‌റ്റാലിൻ അവതരിപ്പിച്ച ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം
ചെന്നൈ: സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പരമാവധി ശിക്ഷ നൽകുന്നതിനായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൽ നിയമസഭയിൽ അവതരിപ്പിച്ച ബിൽ ഗവർണർ അംഗീകരിച്ചു. ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചു. സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര നിയമങ്ങളായ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നഗരി സുരക്ഷ എന്നിവയിൽ ഭേദഗതി വരുത്തുന്നതിനാണ് ബിൽ അവതരിപ്പിച്ചത്.
2025ലെ തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനത്തിന്‍റെ ആറാം ദിവസമാണ് (ജനുവരി 10) ബിൽ അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രമേയം ശബ്‌ദവോട്ടിന്‍റെ അടിസ്ഥാനത്തിൽ ഏകകണ്‌ഠമായി പാസാക്കിയിരുന്നു. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്‌ത്രീകൾക്കെതിരായ ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ 86 ശതമാനം കേസുകളിലും 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്ക് വധശിക്ഷയും സ്‌ത്രീകളെ പിന്തുടരുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷയും നൽകണമെന്ന് ഭേദഗതിയിൽ പറയുന്നു.
ഭേദഗതി ബില്ലിന്‍റെ വിശദാംശങ്ങൾ:
സെക്ഷൻ 64 (1) – ലൈംഗികാതിക്രമ കേസിൽ, 14 വർഷത്തിൽ കുറയാത്ത കഠിന തടവായിരിക്കും ശിക്ഷ. കുറ്റവാളിയുടെ തടവ് ജീവപര്യന്തമായി നീട്ടിയാൽ മരിക്കുന്നതുവരെ അയാൾ ജയിലിൽ കഴിയണം. ഈ കേസിൽ ജാമ്യം അനുവദിക്കില്ലെന്നും ഭേദഗതി ചെയ്‌തിട്ടുണ്ട് .
സെക്ഷൻ 65 (2) – 12 വയസിന് താഴെയുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ഏതൊരു കുറ്റവാളിക്കും ജീവപര്യന്തം കഠിന തടവ് ശിക്ഷ ലഭിക്കും. ഇതിനുപുറമെ, ഒരു നിശ്ചിത കാലയളവിലേക്കുള്ള പിഴയും വധശിക്ഷയും അവർക്കെതിരെ ചുമത്താവുന്നതാണ്.
സെക്ഷൻ 70 (2) – 18 വയസിന് താഴെയുള്ള കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്ന ഏതൊരു കുറ്റകൃത്യത്തിനും ജീവപര്യന്തം കഠിന തടവും ഒരു നിശ്ചിത കാലായളവിലേക്കുള്ള പിഴയും വധശിക്ഷയും വരെ ലഭിക്കും.
സെക്ഷൻ 71 – ലൈംഗിക കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കും.
സെക്ഷൻ 72 (1) – ലൈംഗികാതിക്രമത്തിൽ ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
സെക്ഷൻ 77 – ലൈംഗിക ഉദ്ദേശത്തോടെയുള്ള പ്രവർത്തികള്‍ക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.