ദുബായില്‍ എട്ട് മാസത്തിനിടയില്‍ 107 റോഡപകടങ്ങള്‍; വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് മരണം

Dubai

അബുദബി: ദുബായില്‍ കഴിഞ്ഞ എട്ട് മാസത്തനിടയില്‍ 107 റോഡപകടങ്ങള്‍ ഉണ്ടായതായി ദുബായ് പൊലീസ്. വ്യത്യസ്ത വഹാനാപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും പൊലീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. അശ്രദ്ധമായ ഡൈവിംഗ് ആണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പൊലീസ് പറഞ്ഞു. വ്യത്യസ്ത വാഹനാപകടങ്ങളിലായി 75 പേര്‍ക്ക് പരിക്ക് പറ്റിയതായി പൊലീസ് വ്യക്തമാക്കി.

അശ്രദ്ധമായ ഡ്രൈവിംഗ് ആണ് മിക്ക വാഹനാപകടങ്ങള്‍ക്കും കാരണമായതെന്ന് ദുബായ് പൊലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുളള മാസങ്ങളില്‍ റോഡിലെ ലൈന്‍ മാറ്റവുമായി ബന്ധപ്പെട്ട് 529,735 നിയമ ലംഘനങ്ങളാണ് പൊലീസിന്റെ സ്മാര്‍ട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളും റഡാറുകളും കണ്ടെത്തിയത്. പെട്ടെന്ന് ലൈന്‍ മാറുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതായും സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.

ഇത്തരത്തിലുളള നിയമ ലംഘകര്‍ക്ക് 400 ദിര്‍ഹമാണ് പിഴയെന്ന് ദുബായ് പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. സാമാര്‍ട്ട് സംവിധാനങ്ങളും ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ദുബായ് പൊലീസ് ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നത്. ഗതാഗത നിയമങ്ങള്‍ പാലിച്ച് മാത്രം വാഹനം ഓടിക്കണമെന്ന് പൊലീസ് താമസക്കോരോട് ആവശ്യപ്പെട്ടു.

Share this story