ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ആയി കോഴിക്കോട്ടുകാരി ഹംന

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ആയി കോഴിക്കോട്ടുകാരി ഹംന

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലില്‍ മലയാളിയായ ഹംന മറിയം കോണ്‍സുലായി ചുമതലയേല്‍ക്കും. ഇതാദ്യമായാണ് ഇന്ത്യന്‍ വനിത ജിദ്ദയിലെ കോണ്‍സുലാകുന്നത്. മോയിന്‍ അക്തറിന് പകരമായിട്ടാണ് വാണിജ്യം, മാധ്യമം, വിവരം, സാംസ്‌കാരികം എന്നിവയുടെ ചുമതലയുള്ള കോണ്‍സുലായി 2017 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥയായ ഹംന വരുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ടും പ്രശസ്ത പീഡിയാട്രീഷ്യനുമായ ഡോ. ടി പി അഷ്‌റഫിന്റെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറായ പി വി ജൗഹറയുടെയും മകളാണ് ഹംന. ഫറൂഖ് കോളജില്‍ അസി.പ്രൊഫസറായിരിക്കെയാണ് അവര്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28ാം റാങ്ക് നേടിയത്. മലയാളി കോണ്‍സുലാകുന്നത് ജിദ്ദയിലെ മലയാളി സമൂഹത്തിന് ഏറെ ഗുണപ്രദമാണ്. തെലങ്കാന കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ അബ്ദുല്‍ മുസമ്മില്‍ ഖാന്‍ ആണ് ഹംനയുടെ ഭര്‍ത്താവ്.

Share this story