യു.എ.ഇയിൽ വൻ മയക്ക് മരുന്ന് വേട്ട; പ്രതികൾ പിടിയിൽ

യു.എ.ഇയിൽ വൻ മയക്ക് മരുന്ന് വേട്ട; പ്രതികൾ പിടിയിൽ

മുഹമ്മദ് ഖാദർ നവാസ്


ട്രക്കിനുള്ളിൽ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്ന് അബുദാബി പൊലീസ് തന്ത്രപരമായി പിടികൂടി. 450 കിലോ ഹെറോയിനും മറ്റുലഹരി മരുന്നുകളുമാണ് പിടികൂടിയത്. യുഎഇയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് അറിയിച്ചു. ‘ഡെത്ത് നെറ്റ്‌വർക്ക്’ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചത്. സംഭവത്തിൽ ഏഷ്യൻ സ്വദേശികളായ 14 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ അബുദാബി പൊലീസ് പുറത്തുവിട്ടു.

വലിയ കട്ടിങ് മെഷീൻ ഉപയോഗിച്ച് ട്രക്ക് മുറിച്ചാണ് രഹസ്യമായി കടത്തിയ ലഹരി മരുന്ന് പിടികൂടിയത്. യുഎഇയിൽ ലഹരി മരുന്നുകൾ എത്തിക്കുന്ന സംഘമാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. മേഖലയിലെ പ്രധാനപ്പെട്ട ലഹരി മരുന്ന് ഇടനിലക്കാരൻ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളെ പിന്തുടർന്നതിനെ തുടർന്നാണ് വൻ സംഘത്തെ കെണിയിലാക്കാൻ സാധിച്ചത്. ഇയാളെ പൊലീസിന് കണ്ടെത്താൻ സാധിച്ചെങ്കിലും മറ്റു എമിറേറ്റുകളിലേക്ക് ലഹരി മരുന്ന് എത്തിക്കുന്നവർ ആരാണെന്ന് കണ്ടെത്തേണ്ടിയിരുന്നു. ഒരാഴ്ചയോളം നിരീക്ഷിച്ച പൊലീസ് ഇയാളെയും മറ്റൊരു വ്യക്തിയെയും അഞ്ചു കിലോ ലഹരി മരുന്നുമായി പിടികൂടി.

യു.എ.ഇയിൽ വൻ മയക്ക് മരുന്ന് വേട്ട; പ്രതികൾ പിടിയിൽ

തുടർന്നുള്ള ചോദ്യം ചെയ്യലിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. യുഎഇയ്ക്ക് പുറത്തുള്ള ഒരു സംഘത്തിനുവേണ്ടിയാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ലഹരി മരുന്ന് എത്തിക്കുന്നതിന് ഈ സംഘത്തിന് വലിയ ശൃംഘലയുണ്ടെന്ന് അബുദാബി പൊലീസ് ലഹരി വിരുദ്ധ വിഭാഗം ഡയറക്ടർ കേണൽ തഹർ ഗരീബ് അൽ ധഹ്‌രേരി പറഞ്ഞു. ഇവരുടെ പ്രവർത്തനങ്ങൾ കൃത്യമായി മനസിലാക്കിയ ശേഷമാണ് സംഘത്തെ കുടുക്കാൻ അബുദാബി പൊലീസ് തന്ത്രം മെനഞ്ഞത്. വൻ സംഘത്തെ പിടികൂടുകയും ലഹരി മരുന്ന് പിടിച്ചെടുക്കുകയും ചെയ്തു.

’11 പേരെയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇവരിൽ നിന്നും 189 കിലോ ഗ്രാം ലഹരി മരുന്ന് പിടിച്ചു. പ്രധാന ഇടപാടുകാരൻ 261 കിലോ ലഹരി മരുന്ന് സംഘത്തിന് കൈമാറുന്നതിന് മുൻപായിരുന്നു അറസ്റ്റ്. ആദ്യ സംഘത്തെ പിടികൂടിയതിനെ തുടർന്ന് ഇടപാടുകാരൻ പദ്ധതി മാറ്റുകയും മറ്റുരീതിയിൽ ലഹരി മരുന്ന് കടത്താൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, അന്വേഷണ സംഘം ബാക്കിയുള്ള പ്രതികളെയും ലഹരി മരുന്നും തന്ത്രപരമായി പിടികൂടുകയായിരുന്നു’ കേണൽ തഹർ ഗരീബ് അൽ ധഹ്‌രേരി വ്യക്തമാക്കി.

Share this story