മൂന്നാമത് ലേബർ സ്പോർട്സ് ടൂർണമെന്റ് ഈമാസം 13 മുതൽ

മൂന്നാമത് ലേബർ സ്പോർട്സ് ടൂർണമെന്റ് ഈമാസം 13 മുതൽ

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജ ഗവൺമെന്റിന് കീഴിലുള്ള ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത്തെ ലേബർ സ്പോർട്സ് ടൂർണമെന്റ് 2019 ഡിസംബർ 13 മുതൽ 2020 മാർച്ച് 27 വരെ നടക്കും.

എല്ലാ വെള്ളിയാഴ്ചയും 7 മണി മുതൽ വൈകിട്ട് 5.30 വരെ ഷാർജ നാഷണൽ പാർക്കിലെ ഷാർജ സ്പോർട്സ് കൗൺസിൽ ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ നടക്കുകയെന്ന് ഷാർജ ലേബർ സ്റ്റാന്റേർഡ്‌സ് ഡെവലപ്‌മെൻറ് അതോറിറ്റി വിളിച്ചുചേർത്ത മാദ്ധ്യമസമ്മേളനത്തിൽ അതോറിറ്റി ചെയർമാൻ സാലേം യൂസഫ് അൽ ഖസീർ അറിയിച്ചു.

ഷാർജ ചേംബർ ഓഫ് കൊമേഴ്‌സിലെ ബരജീത് ഹാളിൽ നടന്ന മാദ്ധ്യമസമ്മേളനത്തിൽ ഷാർജ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ ഇസ്സ ഹിലാൽ അൽ ഹസാമി, റീച്ച് ടാർഗറ്റ് സ്‌പോർട്‌സ് സർവ്വീസസ് ഡയറക്ടർ താരിഖ് സലേം അൽ ഖാൻബാഷി, ഫാസ്റ്റ് ബിൽഡിംഗ് കോൺട്രാക്റ്റിംഗ് കമ്പനി സി.ഇ.ഒ. എഞ്ചിനീയർ ഫാത്തി അഫാന എന്നിവരും മാദ്ധ്യമസമ്മേളനത്തിൽ പങ്കെടുത്തു.

ടൂർണമെന്റിലെ വിജയികൾക്ക് 250, 000 ദിർഹം വിലമതിക്കുന്ന ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനങ്ങളും ലഭിക്കും. മത്സരിക്കുന്നവർക്കും മത്സരം വീക്ഷിക്കാനെത്തുന്നവർക്കും സമ്മാനങ്ങൾ നേടാനുള്ള അവസരവും ടൂർണമെന്റിൽ ഒരുക്കിയിട്ടുണ്ട്.

മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രശസ്തരായ കളിക്കാരെ കാണാനും അവരോടൊപ്പം കളിക്കാനുമുള്ള അവസരം ലഭിക്കും. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഷാർജ കിരീടാവകാശിയുടെയും പ്രത്യേകമാർഗനിർദേശപ്രകാരമാണ് 2017-ൽ ലേബർ സ്‌പോർട്‌സ് ടൂർണമെന്റ് ആരംഭിച്ചതെന്ന്, ഷാർജ ലേബർ സ്റ്റാൻഡേർഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി വിളിച്ചുചേർത്ത മാദ്ധ്യമസമ്മേളനത്തിൽ, അതോറിറ്റി ചെയർമാൻ സലേം യൂസഫ് അൽ ഖസീർ അറിയിച്ചു.

ഈ വർഷത്തെ ലേബർ സ്‌പോർട്‌സ് ടൂർണമെന്റിൽ ക്രിക്കറ്റ്, വോളിബോൾ, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ഹോക്കി എന്നീ അഞ്ച് ഗെയിമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ എല്ലാ പുരുഷതൊഴിലാളികൾക്കും ടൂർണമെൻറിൽ പങ്കെടുക്കാം.

രാഷട്രനിർമ്മാണത്തിന് വിലയേറിയ സംഭാവന നൽകുന്ന തൊഴിലാളികളുടെ കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കുവാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണ് ബേർ സ്‌പോർട്‌സ് ടൂർണമെൻറ് സംഘടിപ്പിക്കുന്നതെന്ന് ലേബർ സ്റ്റാൻഡേർഡ്‌സ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ സലേം യൂസഫ് അൽ ഖസീർ പറഞ്ഞു. 35 ടീമുകളുമായി 2017-ലാണ് ടൂർണമെന്റ് ആരംഭിച്ചത്. ഈ വർഷം 140 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

തൊഴിലാളികളിൽ പലരും തങ്ങളുടെ അസൗകര്യങ്ങൾ നിറഞ്ഞ, പരിമിതമായ ചുറ്റുപാടുകളിൽ ക്രിക്കറ്റ്, വോളിബോൾ, ഫുട്‌ബോൾ, ബാസ്‌കറ്റ് ബോൾ, ഹോക്കി തുടങ്ങിയവ കളിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ലേബർ സ്‌പോർട്‌സ് ടൂർണമെന്റ് നടത്താൻ തീരുമാനിച്ചതെന്ന് ഷാർജ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ ഇസ്സാ ഹിലാൽ അൽ ഹസാമി പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിന് ഷാർജയെ സഹായിക്കുന്ന തൊഴിലാളികളുടെ സമഗ്രക്ഷേമത്തിനായി ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഷാർജ കിരീടാവകാശിയുടെയും പ്രത്യേകതാത്പര്യം അനുസരിച്ചാണ് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന് രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ സ്‌പോർട്‌സ് കൗൺസിൽ, ഷാർജ പോലീസ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് ലേബർ സ്‌പോർട്‌സ് ടൂർണമെന്റ് നടത്തുന്നത്. ലേബർ സ്‌പോർട്‌സ് ടൂർണമെന്റ് നടത്തുകയെന്നതിന്റെ പ്രധാനലക്ഷ്യം, സർക്കാർ വകുപ്പുകളും എമിറേറ്റിലെ തൊഴിലാളികളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുകയെന്നതാണെന്ന് സലേം യൂസഫ് അൽ ഖസീർ പറഞ്ഞു.

വിവിധദേശക്കാരായ തൊഴിലാളികൾ കൂടുതലും കളിക്കുന്ന ഗെയിം ഇനങ്ങളാണ് ടൂർണമെന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ കൂടുതൽ ഇനങ്ങൾ ടൂർണമെൻറിൽ ഉൾപ്പെടുത്തും. കൂടാതെ വനിതാതൊഴിലാളികൾക്കായി സമാനമായ ടൂർണമെന്റ് നടത്താനും പദ്ധതിയുണ്ട്. നിലവിൽ ലേബർ സ്‌പോർട്‌സ് ടൂർണമെന്റ് പുരുഷന്മാർക്ക് മാത്രമുള്ളതാണ്.

ലേബർ സ്‌പോർട്‌സ് ടൂർണമെൻറ് സ്‌പോൺസർ ചെയ്യുന്നത് ഷാർജയിലെ വിവിധ സർക്കാർ വകുപ്പുകളും നിരവധി സ്വകാര്യ കമ്പനികളും ചേർന്നാണ്. എമിറേറ്റിലെ ഭൂരിഭാഗം തൊഴിലാളികളും താമസിക്കുന്ന സജ്ജക്കും മറ്റ് ലേബർ ക്യാമ്പുകൾക്കും അടുത്തായതിനാലാണ് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന്റെ വേദിയായി ഷാർജ നാഷണൽ പാർക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഷാർജ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ ഇസ്സാ ഹിലാൽ അൽ ഹസാമി അറിയിച്ചു.

ടൂർണമെന്റിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്ക് അതാത് ലേബർ ക്യാമ്പുകൾ ഗതാഗതസൗകര്യമൊരുക്കും. ഭാവിയിൽ, ഖോർഫക്കൻ, ദെയ്ദ്, കൽബ തുടങ്ങിയ സ്ഥലങ്ങൾ ടൂർണമെന്റിന്റെ വേദിയായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this story