ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മസ്‌കത്തിലെത്തി

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മസ്‌കത്തിലെത്തി

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മസ്‌കത്തിലെത്തി. സുൽത്താൻ ഖാബൂസിന്റെ മരണത്തിൽ അനുശോചനം അറിയിക്കുകയും പുതിയ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി എന്നിവരും നേരിട്ട് മസ്‌കത്തിലെത്തി. ഇവരെ കൂടാതെ യുഎഇ ഭരണകൂടത്തിലെ ഉന്നതരും എത്തിയിരുന്നു. സുൽത്താൻ ഖാബൂസിന്റെ ആത്മാവിന് ശാന്തിലഭിക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം വിശാലമായ കാഴ്ചപ്പാടുണ്ടായിരുന്ന മഹാനായ വ്യക്തിയായിരുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

ഒമാനിലെ ജനങ്ങൾക്ക് ശക്തിയും വളർച്ചയും ഉണ്ടാകട്ടേയെന്നും അദ്ദേഹം പറഞ്ഞു. യുഎഇക്കും ഒമാനും ഇത് ദുഃഖത്തിന്റെ സമയമാണ്. ഇരുരാജ്യങ്ങളും തമ്മിൽ അത്രമേൽ അടുത്ത ബന്ധമായിരുന്നു. ചരിത്രപരമായുള്ള അടിത്തറയിലാണ് രണ്ടു രാജ്യങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പുതിയതായി ചുമതലയേറ്റ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദിന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ അറിയിച്ചു.

രാജ്യത്തെ വളർച്ചയിലേക്കും വികസനത്തിലേക്കും നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടേയെന്ന് നഹ്യാൻ ആശംസിച്ചു. യുഎഇ നേതൃത്വത്തിന്റെ ആത്മാർഥമായ ദുഃഖത്തിന് പുതിയ സുൽത്താൻ ജനങ്ങളുടെ പേരിലും രാജകുടുംബത്തിന്റെ പേരിലും നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും സാഹോദര്യവും ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ നേതൃത്വത്തിന് കീഴിൽ യുഎഇയ്ക്ക് കൂടുതൽ വികസനവും പുരോഗതിയും ഉണ്ടാകട്ടേയെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് ആശംസിച്ചു.

Share this story